debt-trap-

മുംബയ് : നയാപൈസയില്ലാ കൈയിൽ എന്ന വിലാപം കേരളത്തിലെ ധനമന്ത്രിമാരിൽ നിന്നും നാം എത്രയോ വർഷങ്ങളായി കേൾക്കുകയാണ്. കടം വാങ്ങി ചെലവുകൾ നേരിടുന്ന ശീലമാണ് നമ്മുടെ ഭരണകർത്താക്കൾ സ്വീകരിച്ചു വരുന്നത്, ഫലമോ കണക്ക് കൂട്ടിയാൽ ജനിച്ചു വീഴുന്ന കുട്ടികൾ പോലും പതിനായിരങ്ങളുടെ കടഭാരം ചുമക്കേണ്ട ഗതിയിലും. എന്നാൽ ഇന്ത്യയിലെ സമ്പന്നമായ ഒരു മുനിസിപ്പൽ കോർപ്പറേഷന്റെ ധനസ്ഥിതി അറിഞ്ഞാൽ ഏത് ധനകാര്യ വിദഗ്ദ്ധനും വാപൊളിക്കും. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്. 82,410 കോടി രൂപയാണ് ഈ മുനിസിപ്പൽ കോർപ്പറേഷന് ബാങ്കിൽ ഡെപ്പോസിറ്റായുള്ളത്. രാജ്യത്തെ വിവിധ പൊതു, സ്വകാര്യ ബാങ്കുകളിലാണ് നിക്ഷേപം കുന്നുകൂടുന്നത്. എഫ് ഡിയിൽ നിന്നും പലിശയായി മാത്രം വർഷം 1,800 കോടി മുംബയ് മുനിസിപ്പൽ കോർപ്പറേഷന് ലഭിക്കുന്നുണ്ട്.


കോർപ്പറേഷനു കീഴിലെ വികസനപ്രവർത്തനങ്ങൾക്കായി എഫ് ഡിയിൽ നിന്നുള്ള ആന്തരിക വായ്പയായി പണം ബാങ്കുകളിൽ നിന്നും വാങ്ങിയിട്ടുമുണ്ട്. തീരദേശ റോഡുകളുടെ നിർമ്മാണത്തിനായും മറ്റുമാണ് ഇങ്ങനെ പണം എടുത്തിട്ടുള്ളത്. മുംബയ് കോർപ്പറേഷന്റെ ബഡ്ജറ്റും രാജ്യത്ത് ഏറെ ചർച്ചയായിട്ടുള്ളതാണ്. ഒരു ചെറിയ സംസ്ഥാനത്തിന്റെ ബഡ്ജറ്റിന് തുല്യം നിൽക്കും ഇത്. 39,038.83 കോടി രൂപയുടെ ബഡ്ജറ്റാണ് കഴിഞ്ഞ തവണ പാസാക്കിയത്. മുൻ വർഷത്തെ ബഡ്ജറ്റിനേക്കാൾ 16.74% കൂടുതലാണ് ഈ വർഷത്തെ ബഡ്ജറ്റ്. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, മുനിസിപ്പൽ വിദ്യാഭ്യാസ സംവിധാനങ്ങൾ എന്നിവയുടെ നവീകരണം ലക്ഷ്യമിട്ടുള്ളതാണ് ബഡ്ജറ്റ്.