തെന്നിന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തെ പ്രിയപ്പെട്ട റോമാന്റിക് ഹിറ്റ് ചിത്രമാണ് അല്ലു അർജുന്റെ ആര്യയും ആര്യ 2വും. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ അല്ലു അർജുന് പകരം വിജയ് ദേവരകൊണ്ട നായക വേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലു അർജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയ്ക്ക് ശേഷം, സംവിധായകൻ സുകുമാർ ആര്യ 3യുടെ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.
അല്ലു അർജുന് താരപദവി നേടിക്കൊടുത്ത ചിത്രമായിരുന്നു ആര്യ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് വാർത്തകൾ വന്നതു മുതൽ, അല്ലു തന്നെയാകും നായകൻ എന്നാണ് തെലുങ്ക് സിനിമാ പ്രേക്ഷകർ ഉറപ്പിച്ചിരുന്നത്. എന്നാൽ വിജയ് ദേവരകൊണ്ടയെ വെച്ച് ചിത്രം ചെയ്യാനാണ് സുകുമാർ ആലോചിക്കുന്നത്. തന്റെ അടുത്ത ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണെന്ന് സുകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.