pwd-rest-house

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ തിരക്കുകൾക്കിടയിൽ നിന്നും മാറി സ്വസ്ഥമായൊന്ന് വിശ്രമിക്കണെമെന്ന് ആഗ്രഹിക്കാത്ത നഗരവാസികൾ കുറവായിരിക്കും. തിരുവനന്തപുരത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും എപ്പോഴും തിക്കും തിരക്കുമാണ്. മാത്രമല്ല ഒന്ന് വിശ്രമിക്കണമെന്ന് തോന്നിയാൽ അതിനുള്ള ഇടങ്ങളും വളരെ കുറവ്. വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്തുകയെന്നതും ബുദ്ധിമുട്ട്. ഇതിനെല്ലാം പരിഹാരമായി സർക്കാർ തന്നെ സൗകര്യമൊരുക്കിയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ നവീകരിച്ച നെയ്യാറ്റിന്‍കര പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറക്കുന്നു.

തിരുവനന്തപുരം നഗരത്തിന്‍റെ ബഹളത്തിൽ നിന്നും മാറി വിശ്രമിക്കാനും തമിഴ്നാട്, കന്യാകുമാരി യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനും ഈ റസ്റ്റ് ഹൗസിൽ സാധിക്കും. രണ്ട് വലിയ മുറികളുണ്ടായിരുന്ന രാജഭരണകാലത്തെ കെട്ടിടമായിരുന്നു മുൻപ് ഇവിടെയുണ്ടായിരുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി ഇത് നവീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പമുണ്ടായിരുന്ന കോണ്‍ക്രീറ്റ് കെട്ടിടവും പുതുക്കിപ്പണിതു. എട്ടോളം മുറികളും രണ്ട് ഹാളുകളുമുള്ള ഇരുനില കെട്ടിടമാണ് പണിതിരിക്കുന്നത്. വിശാലമായ ഡോര്‍മെട്രിയും സജ്ജമാണ്.

കുറഞ്ഞ ചെലവില്‍ വിവിധ പരിപാടികളും ഇവിടെ നടത്താം. ഒരു ചെറിയ ഹാളും ഒരു വലിയ ഹാളും കെട്ടിടത്തിലുണ്ട്.. യോഗങ്ങള്‍ നടത്തുന്നതിനും ചെറിയ സാംസ്കാരിക പരിപാടികള്‍ക്കും കുടുംബങ്ങളില്‍ നടക്കുന്ന വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഈ റസ്റ്റ് ഹൗസ് ഉപയോഗപ്പെടുത്താം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ നല്ല സൗകര്യപ്രദമായ അന്തരീക്ഷത്തില്‍ വിവാഹങ്ങൾ വരെ ഇവിടെ നടത്താന്‍ സാധിക്കും. നെയ്യാറ്റിന്‍കരയില്‍ മികച്ച പാര്‍ക്കിംഗ് സൗകര്യത്തോടെ കുറഞ്ഞ ചിലവില്‍ ഒരു ഹാള്‍ ലഭിക്കുകയെന്നത് ജനങ്ങള്‍ക്ക് വലിയ സഹായകരമായിരിക്കും. പൊരുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.