പൊതു മേഖലാ സ്ഥാപനങ്ങൾ എല്ലാം ഓഹരി വിൽപന എന്ന ഓമനപ്പേരിൽ സ്വകാര്യ വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്നവർ സ്വകാര്യ വത്കരണ നടപടികൾ വേഗത്തിലാക്കുമ്പോൾ നമ്മുടെ അഭിമാന സ്തംഭങ്ങളായിരുന്ന പല സ്ഥാപനങ്ങളും മാറ്റാരുടെയൊക്കയോ ആയി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ അപ്പോഴും അതിനെയെല്ലാം അതിജീവിച്ചു പിടിച്ചു നിൽക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്. അത്തരത്തിൽ നമ്മുടെ രാജ്യത്തിന്റെ വ്യാവസായിക ഭൂപടത്തിൽ കേരളം അഭിമാനത്തോടെ അടയാളപ്പെടുത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ചേർത്തലയിലെ ഓട്ടോ കാസ്റ്റ് ലിമിറ്റഡ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഈ പൊതു മേഖലാ സ്ഥാപനം നമ്മുടെ അഭിമാനമായി മാറുന്നത് പല കാരണങ്ങൾ കൊണ്ടാണ്. പല പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിൽ മുന്നോട്ടു പോകുകയും മറ്റു ചിലത് സ്വകാര്യ കുത്തകകൾക്കെതിരെ പിടിച്ചു നിൽക്കാൻ പാടു പെടുകയും ചെയ്യുന്ന കാലത്താണ് നമ്മൾ ഓട്ടോ കാസ്റ്റിനെ കുറിച്ചും ഇതിന്റെ പ്രവർത്തന രീതികളെ കുറിച്ചും പഠിക്കേണ്ടത്.

train