മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും വാർത്തകൾ പലപ്പോഴും മാദ്ധ്യമങ്ങളിലിടം പിടിക്കാറുണ്ട്. വീട്ടിൽ വളർത്തുന്ന അരുമമൃഗങ്ങൾക്ക് മനുഷ്യരോട് സ്നേഹം തോന്നുക സ്വാഭാവികമാണ്. പക്ഷേ, കാട്ടിലെ മൃഗങ്ങൾക്കോ.. അതും ഒരു മുൻപരിചയവുമില്ലാതെ. അത്തരത്തിലൊരു വാർത്ത ഇപ്പോൾ വൈറലാകുന്നുണ്ട്. അപകടത്തിൽ പെട്ട് കാട്ടിൽ ഒറ്റയ്‌ക്കായി പോയ കുട്ടിയാനയെ രക്ഷിച്ച് അമ്മയുടെ അടുത്തെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി പറയുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചു. തമിഴ്നാട്ടിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സ്നേഹത്തിന് ഭാഷയില്ലെന്ന കുറിപ്പോടെയാണ് പർവീൺ കസ്വാൻ വീഡിയോ പോസ്റ്റ് ചെയ്‌തത്.
ആനക്കുട്ടിയെ സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിച്ച് മടങ്ങുമ്പോഴായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കാലിൽ സ്നേഹത്തോടെ തുമ്പിക്കൈ കൊണ്ട് കുട്ടിയാന ചുറ്റിപ്പിടിച്ചത്. 12 അടിയോളം താഴ്‌ചയുള്ള കുഴിയിലായിരുന്നു കുട്ടിയാന വീണത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. ആനകളുടെ തുടർച്ചയായ ചിന്നം വിളി കേട്ടുകൊണ്ട് സമീപവാസികൾ ചെന്നപ്പോഴാണ് കുട്ടിയാന കുഴിയിൽ വീണത് കാണുന്നത്. വിവരമറിഞ്ഞ് വനപാലകർ എത്തി കുഴിയുടെ സമീപത്തെ മണ്ണിടിച്ച് കളഞ്ഞാണ് കുട്ടിയാനയെ രക്ഷിച്ചത്. തിരികെ അമ്മയുടെ അടുത്തെത്തി മടങ്ങാൻ നേരമാണ് കുട്ടിയാന ഉദ്യോഗസ്ഥരോട് സ്നേഹം പ്രകടിപ്പിച്ചത്.