ബംഗളൂരു: ആമീർ ഖാൻ അഭിനയിച്ച സിയറ്റ് ടയറിന്റെ പുതിയ പരസ്യം ഹിന്ദുക്കൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ബി ജെ പി എം പി അനന്ദ് കുമാർ ഹെഗ്ഡെ. തെരുവുകളിൽ പടക്കം പൊട്ടിക്കരുതെന്ന സന്ദേശം നൽകുന്ന പരസ്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച എം പി, അസാനിന്റെ സമയത്ത് പള്ളികളിൽ നിന്നുള്ള ശബ്ദത്തെപ്പറ്റിയും നമാസിന്റെ പേരിൽ റോഡുകൾ തടയുന്നതിനെപ്പറ്റിയും കമ്പനി ബോധവാൻമാരാകണമെന്ന് ചൂണ്ടിക്കാട്ടി.
കമ്പനി എംഡിയും സി ഇ ഒയുമായ ആനന്ദ് വർദ്ധൻ ഗോയെങ്കയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. ഭാവിയിൽ കമ്പനി ഹിന്ദു വികാരത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ കൂട്ടിചേർത്തു. കഴിഞ്ഞ ഒക്ടോബർ പതിന്നാലിനാണ് എം പി കമ്പനിയ്ക്ക് കത്തയച്ചത്.
ഒരുകൂട്ടം ഹിന്ദു വിരുദ്ധ അഭിനേതാക്കൾ എപ്പോഴും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും എന്നാൽ സ്വന്തം സമുദായത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാറിലെന്നും അനന്ദ് കുമാർ ഹെഗ്ഡെ ആരോപിച്ചു.