rumaisa

ആളുകൾക്ക് എങ്ങനെയും സ്വന്തം പേരിൽ റെക്കോഡുകളുണ്ടാക്കാൻ വലിയ ഇഷ്‌ട‌മാണ്. അതിന് വേണ്ടി ചിലർ എത്ര മെനക്കെടാനും തയ്യാറാകും. പിന്നിൽ ഒറ്റ ലക്ഷ്യമേയുള്ളൂ, സ്വന്തം പേരിൽ ഒരു റെക്കോഡ്.

പക്ഷേ, റെക്കോഡിന്റെ പേരിൽ വേദന അനുഭവിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ.. അങ്ങനെയും ചിലരുണ്ട്. അതിലൊരാളാണ് തുർക്കി സ്വദേശി റുമൈസ ഗെൽഗി. ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയാരെന്ന് ചോദിച്ചാൽ അതിന് സംശയം വേണ്ട, റുമൈസ തന്നെയാണ്. എന്നാൽ, തന്റെ നീളത്തിന്റെ അതേ ഉയരത്തിലാണ് വേദനയുമെന്ന് അവർ പറയുന്നു.

215.16 സെന്റിമീറ്റർ ( 7 അടി 7 ഇഞ്ച് ) ആണ് റുമൈസയുടെ ഉയരം. 'വീവർ സിൻഡ്രോം' എന്ന ജനിതക രോഗത്തിന്റെ തുടർച്ചയാണ് റുമൈസയുടെ ഉയരവും. കാണുന്നവർക്ക് ഇതൊരു കൗതുക കാഴ്ചയാണെങ്കിലും റുമൈസ ഓരോ നിമിഷവും വേദനയിൽ പുളയുകയാണ്.

മര്യാദയ്ക്ക് നടക്കാൻ പോലും കഴിയില്ലെന്ന് പറയുന്നതിൽ നിന്ന് റുമൈസയുടെ വേദനയുടെ ആഴം മനസിലാക്കാം. വീൽചെയറിലോ വാക്കിംഗ് ഫ്രെയിമിന്റെയോ സഹായമില്ലാതെ റുമൈസയ്ക്ക് ഒരടി പോലും നടക്കാനാകില്ല. അതീവ ശ്രദ്ധോയോടെ വേണം ഓരോ ചുവടയും വയ്ക്കാൻ. സ്വന്തമായി പുറത്തിറങ്ങാൻ കഴിയില്ല. ആരുടെയെങ്കിലും സഹായം റുമൈസയ്ക്ക് കൂടിയേ തീരു. അധികസമയം നടക്കാനുമാകില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വീട്ടിനകത്ത് തന്നെ സമയം കഴിച്ചുകൂട്ടാറാണ് പതിവ്.

ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ സമയത്ത് അധികൃതർ ഇൻസ്റ്റഗ്രാമിൽ റുമൈസയുടെ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. 'ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ വനിത...' എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ അടിക്കുറുപ്പ്. നിരവധി പേർ അഭിനന്ദനങ്ങളുമായെത്തി. പക്ഷേ, അതിലൊന്നും വലിയ സന്തോഷം കണ്ടെത്താൻ റുമൈസയ്‌ക്ക് കഴിഞ്ഞില്ല.

'എല്ലാവരിൽ നിന്നും വ്യത്യസ്‌തയായിരിക്കുകയെന്നാൽ അത്ര മോശം സംഗതിയല്ലെന്ന് ചിന്തിക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും ഈ സവിശേഷത നമുക്ക് ചില അവിചാരിത നേട്ടങ്ങൾ കൊണ്ടുവന്നുതരാം. ഇപ്പോൾ തന്നെ എനിക്ക് ലഭിച്ചിരിക്കുന്ന അംഗീകാരത്തിനെ എന്റെ രോഗത്തിനോ സമാനമായ രോഗങ്ങൾക്കോ എതിരായ അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താനാണ് എന്റെ തീരുമാനം.' റുമൈസ പറയുന്നു.

എങ്കിലും റുമൈസ ഒരാഗ്രഹം കൂടി പങ്കുവയ്‌ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷൻ സുൽത്താൻ കോസെനും ഒന്ന് നേരിൽ കാണണം. കക്ഷിയും തുർക്കിക്കാരനാണെന്നതാണ് മറ്റൊരു കൗതുകം. പതിനെട്ടാം വയസിലാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരിയെന്ന റെക്കോഡ് ആദ്യമായി റുമൈസയെ നേടുന്നത്.