പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കാതിരുന്നതിനാൽ ദേവസ്വം ബോർഡിനുണ്ടായത് വൻ നഷ്ടം. ആറ് ലക്ഷം രൂപ മാത്രമാണ് ഇത്തവണ ലഭിച്ചത്. മൂന്ന് കോടിയോളം വരുമാനം പ്രതീക്ഷിച്ചിരുന്നതാണ്. നട തുറന്ന അഞ്ച് ദിവസത്തേക്ക് 80,000 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയത്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച വെർച്വൽ ക്യൂവിൽ 51,580 ഭക്തരാണ് ബുക്കുചെയ്തത്. മഴ കനത്തത്തോടെ തീർത്ഥാടകരുടെ യാത്ര നിരോധിച്ചിരുന്നു. ഇതോടെ ലക്ഷങ്ങൾ മുടക്കി നടത്തിയ മുന്നൊരുക്കങ്ങളെല്ലാം വെള്ളത്തിലായി. അധികമായി ഉണ്ടാക്കിയ അപ്പവും അരവണയുമെല്ലാം ഇനി മണ്ഡല, മകരവിളക്ക് കാലത്തേ വിറ്റുപോകു. അത്രയും നാൾ കേടില്ലാതെ സൂക്ഷിക്കണം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ അധികമായി ക്രമീകരിച്ചിരുന്നു. ജനറേറ്ററിനും അരവണ പ്ലാന്റിലേക്കുള്ള ഇന്ധനത്തിനും വലിയതുക ചെലവായി.
നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കൂടുതൽ കടകൾ തുറന്നിരുന്നു. പച്ചക്കറിയും മറ്റും വലിയ അളവിൽ ശേഖരിച്ചതിൽ കൂടുതലും പാഴായി. കടകളിൽ ജോലിക്ക് അധികമായി ആളുകളെയും നിയമിച്ചിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്ക് എത്തിച്ചവർക്ക് വേതനം കൊടുക്കേണ്ടി വന്നു.