ronaldo

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്കും പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ബാഴ്സലോണയ്ക്കും ബയേൺ മ്യൂണിക്കിനും യുവന്റസിനും ജയം.

യുണൈറ്റഡിന്റെ തിരിച്ചുവരവ്

ഗ്രൂപ്പ് ‍എഫിലെ മത്സരത്തിൽ അറ്റ്‌ലാന്റയ്ക്കെതിരെ ആദ്യപകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് മാഞ്ചസ്റ്റർ യുണൈ്രഡ് വിജയംസ്വന്തമാക്കിയത്. സമനിലയെന്ന് കരുതിയിരിക്കെ 81-ാം മിനിട്ടിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ വീണ്ടും യുണൈറ്റഡിന്റെ രക്ഷകനാവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനെതിരെയും 95-ാം മിനിട്ടിൽ റൊണാൾഡോ നേടിയ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ വിജയം സ്വന്തമാക്കിയത്.

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 15-ാം മിനിച്ചിൽ തന്നെ ആതിഥേയരെ ഞെട്ടിച്ച് മാരിയോ പസാലിക് അറ്റ്‌ലാന്റയുടെ ആദ്യ ഗോൾ നേടി. 28-ാം മിനിട്ടിൽ ഡെമിറാൽ ലീഡുയർത്തി. രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച യുണൈറ്റഡ് അടുത്തിടെ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ റാഷ്ഫോർഡിലൂടെ ഗോൾഅക്കൗണ്ട് തുറന്നു. 75-ാം മിനിട്ടിൽ ക്യാപ്ടൻ ഹാരി മഗ്വേറിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. ഏഴ് മിനിട്ടിന് ശേഷം ലൂക്ക് ഷായുടെ ക്രോസ് തലകൊണ്ട് അറ്റ്ലാന്റ വലയിലേക്ക് തിരിച്ച് വിട്ട് റൊണാൾഡോ യുണൈറ്റഡിന് ഒരിക്കൽക്കൂടി ഗംഭീര ജയം സമ്മാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി യുണൈറ്റഡാണ് ഗ്രൂപ്പിൽ മുന്നിൽ. അറ്റ്‌ലാന്റ രണ്ടാം സ്ഥാനത്താണ്. വിയ്യാറയൽ 4-1ന് യംഗ് ബോയ്‌സിനെ കീഴടക്കി.

ചെൽസി വിലസി

ഗ്രൂപ്പ് എച്ചിൽ ഇത്തവണയും കിരീടം ലക്ഷ്യം വയ്ക്കുന്ന ചെൽസി മറുപടിയില്ലാത്ത നാല് ഗോളുകൾ‍ക്കാണ് മാൽമോ എഫ്.സിയെ തകർത്തത്. ജോഗീന്യോ രണ്ട് പെനാൽറ്റി ഗോളാക്കിയപ്പോ‍ൾ ക്രിസ്ടെൻസണും ഹാവേർട്ട്സും ഓരോതവണ വീതം ചെൽസിക്കായി ലക്ഷ്യംകണ്ടു. ഗ്രൂപ്പിൽ ചെൽസി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള യുവന്റസ് സെന്നിത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. കുളുസേവ്‌സ്കിയാണ് 86-ാം മിനിട്ടിൽ വിജയഗോൾ നേടിയത്.

ബ്രാവോ ബാഴ്സ,​ ബയേൺ

ഗ്രൂപ്പ് ഇയിൽ ഗോളടിച്ചു മുന്നേറുന്ന ബയേൺ മ്യൂണിക്ക് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബെൻഫിക്കയെ തോൽപ്പിച്ചു. ലെറോയ് സാനെ ഇരട്ടഗോൾ നേടിയപ്പോൾ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്കി ഒരുതവണ ലക്ഷ്യംകണ്ടു. എവർട്ടൺ സോറസിന്റെ വകയായി സെൽഫ് ഗോളും ബയേണിന്റെ അക്കൗണ്ടിൽ എത്തി. മറ്റൊരു മത്സരത്തിൽ ഡൈനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബാഴ്സലോണ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ജെറാർഡ് പിക്വെയാണ് വിജയ ഗോൾ നേടിയത്.

മത്സരഫലം

യംഗ് ബോയ്സ് 1-4 വിയ്യാറയൽ

മാൻ.യുണൈറ്റഡ് 3-2അറ്റ്‌ലാന്റ

ചെൽസി 4-0 മാൽമോ

ബെൻഫിക്ക 0-4 ബയേൺ

സെന്നിത് 0-1 യുവന്റസ്

ലില്ലെ 0 -0 സെവിയ്യ

ബാഴ്‌സലോണ 1 -0ഡൈനാമോ

സാൽസ്ബർഗ് 3 -1 വോൾഫ്ബർഗ്

137

ചാമ്പ്യൻസ് ലീഗിൽ തന്റെ 137-ാം ഗോളാണ് റൊണാ‍ൾഡോ ഇന്നലെ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും റൊണാൾഡോയാണ്.

ലെവന് കാൽ സെഞ്ചുറി

അവസാനം കളിച്ച 19ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് റോബർട്ട് ലെവൻഡോവ്‌സ്കി 25 ഗോളുകൾ നേടി.

ജെറാർഡ് പിക്വെ -ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പ്രതിരോധ താരം.