pfizer

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ നൂറ് കോടി ഡോസ് കടക്കുക എന്ന ലക്ഷ്യം കെെവരിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിനിടയിൽ ഫൈസർ/ബയോടെക് കൊവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് അണുബാധയ്‌ക്കെതിരെ 95.6 ശതമാനം വരെ ഫലപ്രദമാണെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ പഠനം. ബൂസ്റ്റർ ഡോസിനെപ്പറ്റിയുളള ആലോചനകൾ നടക്കുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തൽ ഏറെ പ്രധാന്യം അർ​ഹിക്കുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫൈസർ/ബയോടെക് കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങൾ കന്പനി വ്യാഴാഴ്ച പുറത്തുവിട്ടു.16 വയസും അതിൽ കൂടുതലുമുള്ള 10,000 പേർ ഒരു ബൂസ്റ്റർ ഡോസ് ട്രയലിൽ പങ്കെടുത്തു. ഡെൽറ്റ വ്യാപകമായിരുന്ന ഒരു കാലഘട്ടത്തിൽ, ഫൈസർ/ബയോടെക് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗത്തിനെതിരെ 95.6 ശതമാനം ആപേക്ഷിക വാക്സിൻ ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. പ്രാഥമിക ഫലങ്ങൾ എത്രയും വേഗം റെഗുലേറ്ററി ഏജൻസികളുമായി പങ്കിടുമെന്നും അവർ വ്യക്തമാക്കി.

വാക്സിനേഷൻ എടുത്തിട്ടുള്ള ആളുകളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി കൊവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ പല രാജ്യങ്ങളും ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില പഠനങ്ങൾ പ്രകാരം മാസങ്ങൾക്കുശേഷം അവരുടെ സംരക്ഷണം കുറയുകയും ചെയ്തേക്കാം. യു.എസിൽ, ഫെഡറൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) സെപ്തംബറിൽ 65 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും കൂടാതെ വേഗം കൊവിഡ് ബാധിക്കാനും ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരാനും സാദ്ധ്യതയുടെ ആളുകൾക്കും മൂന്നാമത്തെ ഡോസ് നൽകുന്നത് അംഗീകരിച്ചിരുന്നു.

യൂറോപ്യൻ മെഡിസിൻ ഏജൻസി (ഇ.എം.എ) ഒക്ടോബർ തുടക്കത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് ഒരു ബൂസ്റ്റർ ഡോസ് അംഗീകരിച്ചിരുന്നു. ഏത് ഗ്രൂപ്പുകൾക്ക് ആദ്യം അർഹതയുണ്ടെന്ന് തീരുമാനിക്കാൻ ദേശീയ റെഗുലേറ്റർമാരെ അനുവദിക്കുകയും ചെയ്തു. അതേസമയം ഇസ്രായേലിൽ, 12 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസുകൾ നൽകുന്നത് അംഗീകരിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.