കൊല്ലം : വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ. കൊട്ടിയം സിത്താര ജംഗ്ഷന് സമീപം രോഹിണിയിൽ നിഷാദിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സംഘത്തിലെ മൂന്നുപേരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ആറു പ്രതികളെ മുമ്പ് പിടികൂടിയിരുന്നു. വടക്കേവിള അയത്തിൽ പൂന്തോപ്പ് വയലിൽ പുത്തൻവീട്ടിൽ സജാദ് (33), ഉമയനല്ലൂർ പട്ടരുമുക്കിൽ ഫൗസിയ മൻസിലിൽ സബീർ (22), ഇരവിപുരം വാളത്തുംഗൽ സുൽബത്ത് മൻസിലിൽ നൗഫൽ (30)എന്നിവരാണ് പിടിയിലായത്. കാസർകോട്, ബംഗളുരു, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്ന ഇവർ തിരികെ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. കൊട്ടിയം ഇൻസ്പെക്ടർ എം.സി ജിംസ്റ്റൻ, എസ്.ഐമാരായ സുജിത് ജി. നായർ, റഹിം, ഷിഹാസ്, ജഹാംഗീർ, ശ്രീകുമാർ, അഷ്ടമൻ, ഗിരീഷ്, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.