strike

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന സിഎസ്‌ബി ബാങ്കിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബാങ്കുകൾ ഇന്ന് പണിമുടക്കുന്നു. ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്കുകൾ എന്നിവയിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കാളികളാകുന്നതോടെ സംസ്ഥാനത്ത് ബാങ്കിംഗ് മേഖലയിൽ പൂർണമായി സ്‌തംഭനമുണ്ടാകുമെന്നാണ് സൂചന.

കനേഡിയൻ കമ്പനി ഫെയർഫാക്‌സ് ഏറ്റെടുത്തതുമുതൽ പ്രശ്‌നങ്ങൾ ആരംഭിച്ച സിഎസ്‌ബി ബാങ്കിൽ സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കണമെന്നും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇനിയുള‌ള താൽക്കാലിക നിയമനം നിർത്തണമെന്നും റിസർവ് ബാങ്ക് നിശ്ചയിച്ച വേതനം ബാങ്കിൽ ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സമരം നടക്കുകയാണ്.

ബാങ്ക് ഏറ്റെടുത്ത കമ്പനിയുടെ ഉപ സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ ലംഘിച്ച് വായ്‌പ നൽകുന്നു. ചെറുകിട വായ്‌പകൾ നൽകുന്നില്ല. തൊഴിലാളികൾക്ക് നിർബന്ധിത പിരിച്ചുവിടൽ ഏർപ്പെടുത്തുകയും പെൻഷൻ നിഷേധിക്കുകയും ചെയ്യുന്നു. അതിനായി കള‌ളക്കേസ് കൊടുക്കുന്നതായും ബാങ്ക് ജീവനക്കാർ ആരോപിക്കുന്നു.

മാസങ്ങൾ നീണ്ട പ്രതിഷേധ പരിപാടിക്കൊടുവിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സിഎസ്‌ബി ബാങ്കിൽ പണിമുടക്ക് നടക്കുകയാണ്. ഇതിന് പിന്തുണയുമായാണ് സംയുക്ത സമര സമിതി നേതൃത്വത്തിൽ ഇന്ന് സമരം പ്രഖ്യാപിച്ചത്. വിഷയത്തിൽ സർക്കാർ നേതൃത്വത്തിലുള‌ള ചർച്ചകൾക്ക് സിഎസ്‌ബി മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെ ഇന്നുമുതൽ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാത്ത സ്ഥിതിയാണ്.