citu

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മണലിത്തറയിൽ വീട് നിർമ്മിക്കാനുള്ള സാമഗ്രികൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയെയും കുടുംബത്തിലുള്ളവരെയും മർദ്ദിച്ചതായി പരാതി. മലാക്ക കദളിക്കാട്ടിൽ പ്രകാശനാണ് (53) മർദ്ദനമേറ്റത്. ഇയാളെ മുളങ്കുന്നത്തു കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഇയാളുടെ ഇടത് കൈ ഒടിഞ്ഞു. കഴുത്തിനും ചുണ്ടിനും പരിക്കുകളുണ്ട്. പന്ത്രണ്ട് പേരടങ്ങുന്ന സി.ഐ.ടി.യു തൊഴിലാളികളാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രകാശനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യ പ്രസീത, ഭാര്യാ സഹോദരൻ പ്രശാന്ത് എന്നിവർക്കും മർദ്ദനമേറ്റു. പ്രസീതയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി പ്രകാശൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രസീതയും പ്രശാന്തും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.