തിരുവനന്തപുരം: കെപിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരൻ. പട്ടികയെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി അദ്ധ്യക്ഷൻ പുറത്തിറക്കിയത് അന്തിമ ലിസ്‌റ്റാണ്. അതിൽ പൊതുചർച്ച ശരിയല്ല. കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരൻ പ്രതികരിച്ചു.
കെപിസിസി പട്ടികയിൽ പാർട്ടിയിൽ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പരാതിയുണ്ടെങ്കിൽ അത് ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു.
പട്ടിക പൊതുചർച്ചയാക്കാതെ പോസിറ്റീവായി കാണണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണനും പ്രതികരിച്ചു. പട്ടികയിൽ എല്ലാവർക്കും പ്രാതിനിധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവർ പാർട്ടിയിൽ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളിൽ പരിഗണിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച് കോൺഗ്രസുകാരനല്ലാത്തതിനാൽ പ്രതികരിക്കുന്നില്ലെന്ന് എ.വി ഗോപിനാഥ് പ്രതികരിച്ചു. പ്രാഥമികാംഗത്വം രാജിവച്ചതിനാൽ ഭാരവാഹിത്വം തന്നില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നും അദ്ദേഹം ചോദിച്ചു.