ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കും തിരുത്തലുകൾക്കുമൊടുവിലാണ് കെ പി സി സി ഭാരവാഹി പട്ടികയ്ക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകിയത്. 56 പേരടങ്ങുന്നതാണ് പട്ടിക. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദീഖ്, നാല് വൈസ് പ്രസിഡന്റുമാർ, 23 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 28 നിർവാഹക സമിതിയംഗങ്ങൾ, എന്നിവരുൾപ്പെടുന്നതാണ് പട്ടിക. പട്ടികയിലെ സ്ത്രീ പ്രാതിനിദ്ധ്യവും ചർച്ചയാവുകയാണ്. മൂന്ന് ജനറൽ സെക്രട്ടറിമാരുൾപ്പടെ അഞ്ച് വനിതകളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
ദീപ്തി മേരി വർഗീസ്, കെ എ തുളസി, അലിപ്പറ്റ ജമീല, പത്മജ വേണുഗോപാൽ, പി ആർ സോന എന്നിവരാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ട വനിതകൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം നിരവധി നേതാക്കൾ പട്ടികയെ അനുകൂലിച്ചപ്പോൾ കെ മുരളീധരൻ പരസ്യമായി പട്ടികയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, മുൻ പ്രസിഡന്റുമാരോട് കൂടുതൽ ചർച്ച ആകാമായിരുന്നുവെന്നും എങ്കിൽ പട്ടിക കൂടുതൽ നന്നാക്കാമായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ലെന്നും ഇനി ഇതിന്മേൽ പൊതുചർച്ചയുടെ ആവശ്യമില്ലെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ കൂടുതൽ പറയാനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്നാൽ പുതിയ കെപിസിസി ഭാരവാഹിപ്പട്ടികയിൽ എല്ലാവർക്കും സന്തോഷമാണെന്നായിരുന്നു തിരുവഞ്ചൂർ പ്രതികരിച്ചത്. പുതിയ പട്ടികയെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് പദവിയിലേയ്ക്ക് പത്മജ വേണുഗോപാലിനെ ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് നിർവാഹക സമിതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഭാരവാഹിത്വം സംബന്ധിച്ച് സംസ്ഥാനത്ത് തീരുമാനിച്ച മാനദണ്ഡങ്ങളിൽ ഇളവ് വേണ്ടന്ന് കെ പി സി സി നേതൃത്വം ഹൈക്കമാൻഡിനോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം മുൻ ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ ഒഴിവാക്കിയത്.