alencier

പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ നടൻ അലൻസിയർ തന്നോട് മോശമായി പെരുമാറിയെന്ന പരാതി സംവിധായകൻ വേണു ഫെഫ്‌കയ്‌ക്ക് നൽകിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമായതേയുള‌ളു. വിഷയത്തിൽ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ചർച്ചചെയ്‌ത് തീരുമാനിച്ച ശേഷമേ സംഭവത്തിൽ എന്തെങ്കിലും നടപടിയുണ്ടാകൂ എന്നാണ് വിവരം.

സംഭവത്തിന് കാരണം മദ്യപിച്ചത് മൂലമാണെന്നായിരുന്നു അലൻസിയ‌ർ നൽകിയ വിശദീകരണം. എന്നാൽ ഈ വിശദീകരണം കൊണ്ട് ഫെഫ്‌ക റൈ‌റ്റേഴ്‌സ് യൂണിയൻ തൃപ്‌തരല്ല. എന്നാൽ ഈ ടെൻഷനൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിൽ ഇപ്പോഴും ഷൂട്ടിംഗ് സെറ്റുകളിൽ സജീവമാണ് അലൻസിയർ.

റാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ദിലീപ് ചിത്രത്തിന്റെ സെറ്റിൽ ദിലീപിനും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ബാദുഷയ്‌ക്കുമൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന അലൻസിയറുടെ ചിത്രം ബാദുഷ തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്‌തിട്ടുണ്ട്. 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് അലൻസിയർ വേഷമിടുന്നത്.

ഇത് ആദ്യമായൊന്നുമല്ല അലൻസിയർ വിവാദത്തിൽ ചെന്നുപെടുന്നത്. സഹപ്രവർത്തകക്കെതിരെ മോശമായി പെരുമാറിയതിന് മി ടൂ ആരോപണം നേരിട്ടയാളാണ് അലൻസിയർ. ഇതുകൂടാതെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ജനം കാൺകെ മോഹൻലാലിനെ നോക്കി തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ചും നടൻ വിവാദത്തിൽ പെട്ടിരുന്നു. ഇതിനുപുറമേയാണ് ഇപ്പോൾ വേണുവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയും.

ജി.ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലാണ് വേണുവിന്റെ പുതിയ ചിത്രത്തിന് ആധാരമായത്. ഇന്ദുഗോപൻ തന്നെ തിരക്കഥയെഴുതി വേണു സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന ചിത്രത്തിലെ അലൻസിയറുടെ കഥാപാത്രത്തെ കുറിച്ച് വേണുവിന്റെ വീട്ടിലെത്തി അലൻസിയർ ച‌ർച്ച നടത്തുമ്പോഴാണ് വിവാദ സംഭവമുണ്ടായത്. പൃഥ്വിരാജ്, മഞ്ജുവാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവർ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് കാപ്പ.