മുബയ്: ആര്യൻ ഖാന്റെ കേസ് അന്വേഷിക്കുന്ന എൻ സി ബി സംഘം കഴിഞ്ഞ ദിവസം നടി അനന്യ പാണ്ഡേയുടെ വീട് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു ശേഷം നടിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു വേണ്ടി മുംബയ് ഓഫീസിലേക്ക് കൊണ്ടുപോയി. ഇതേസമയത്ത് തന്നെ മറ്റൊരു എൻ സി ബി സംഘം ഷാരൂഖ് ഖാന്റെ മുംബയിലുള്ള വീട്ടിൽ എത്തിയത് ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഷാരൂഖിന്റെ വീട്ടിൽ എത്തിയത് റെയ്ഡിന് വേണ്ടിയായിരുന്നില്ലെന്ന് എൻ സി ബി സംഘം പിന്നീട് വ്യക്തമാക്കി.
ആര്യൻ ഖാൻ ഒരു ബോളിവുഡ് നടിയുമായി വാട്സാപ്പിൽ ലഹരിമരുന്നുകളെ കുറിച്ച് ചർച്ച ചെയ്തതിന് തെളിവുകളുണ്ടെന്ന് എൻ സി ബി സംഘം കോടതിയെ അറിയിച്ചതിന് തൊട്ടു പിന്നാലെ അനന്യ പാണ്ഡേയുടെ വീട്ടിൽ പൊലീസ് എത്തിയത് നടിയും കേസിൽ പ്രതിയാണെന്ന വാർത്തകൾ പ്രചരിക്കുന്നതിന് കാരണമായി. എന്നാൽ റെയ്ഡ് നടത്തിയെന്നതു കൊണ്ടോ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയെന്നത് കൊണ്ടോ ആരും കേസിൽ പ്രതികളാകില്ലെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.
അനന്യയും ഷാരൂഖിന്റെ മക്കളും തമ്മിലുള്ള ബന്ധം എന്ത്?
ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അനന്യ. ഇത് പലപ്പോഴും അനന്യ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ഷാരൂഖിന്റെ രണ്ട് മക്കളേയും കുറിച്ചുള്ള നിരവധി വിവരങ്ങൾ അനന്യ പറഞ്ഞാണ് പുറം ലോകം അറിഞ്ഞിട്ടുള്ളത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാന്റെ രണ്ട് മക്കളും വളരെയേറെ കഴിവുകളുള്ളവരാണെന്നും ഇരുവരും ജീവിതത്തിൽ ഉയർന്ന നിലകളിലെത്തുമെന്നും അനന്യ പറഞ്ഞിരുന്നു. അഭിനയത്തെക്കാളും ആര്യന് താത്പര്യം സംവിധാനമാണെന്നും നല്ല രീതിയിൽ എഴുതാൻ കഴിവുള്ളയാളാണ് ഷാരൂഖിന്റെ മകനെന്നും അനന്യ വ്യക്തമാക്കിയിരുന്നു.
പാർട്ടികളിൽ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി ലഭ്യമാണ്. പാർട്ടികൾ ഇഷ്ടപ്പെടുന്ന സ്വഭാവമാണ് മൂവരുടേതും. ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പത്തിലാണ്. അനന്യയുടെ അമ്മ ഭാവനാ പാണ്ഡേയും ആര്യന്റെ അമ്മ ഗൗരീ ഖാനും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അമ്മമാർ തമ്മിലുള്ള സൗഹൃദം കാരണം ചെറുപ്പം മുതലേ ആര്യനും സുഹാനയും അനന്യയും വളരെ അടുപ്പത്തിലായിരുന്നു.