janaki-razzak

ന്യൂയോർക്ക്: ലോക്ക്‌ഡൗൺകാലത്ത് ആശുപത്രി വസ്ത്രത്തിൽ ഡാൻസ് ചെയ്ത് വൈറലായ മലയാളി മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാക്കിനെയും ജാനകി ഓംകുമാറിനേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി. യു എൻ അനൗദ്യോഗിക ജനറൽ അസംബ്ളിയുടെ മൂന്നാമത്തെ മീറ്റിംഗിൽ സാംസ്കാരിക അവകാശങ്ങളുടെ പ്രത്യേക പ്രതിനിധി കരിമാ ബെന്നൗന്നെയാണ് ഇരുവരുടേയും നൃത്തത്തെകുറിച്ച് പരാമർശിച്ചത്.

വീഡിയോ വൈറലായപ്പോൾ വിദ്യാർത്ഥികൾ നേരിട്ട വിദ്വേഷ പ്രചാരണം ദൗർഭാഗ്യകരമായി പോയെന്ന് ബെന്നൗന്നെ പറഞ്ഞു. വ്യത്യസ്ത സംസ്കാരത്തിലുള്ള ഒരു പാട്ടിന് നൃത്തം വച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതിന് പകരം ഡാൻസ് ജിഹാദ് പോലുള്ള ആരോപണങ്ങൾ ഉയർത്തി അവരെ തളർത്താനാണ് സമൂഹം ശ്രമിച്ചതെന്ന് ബെന്നൗന്നെ കുറ്റപ്പെടുത്തി. വിമർശനങ്ങളെ പക്വതയോടെ നേരിട്ട് ജാനകിയും നവീനും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും തങ്ങൾ ഇനിയും നൃത്തം ചെയ്യും എന്ന അവരുടെ വാക്കുകൾ ലോകത്തിനു തന്നെ പ്രചോദനമാണെന്നും ബെന്നൗന്നെ സൂചിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീനും ജാനകിയും ബോണി എമ്മിന്റെ പ്രശസ്തമായ റാസ്പുട്ടിൻ എന്ന പാട്ടിന് നൃത്തം ചെയ്തത് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനെ തുടർന്ന് ഇവർക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.