dam-999

തിരുവനന്തപുരം: റിലീസ് ചെയ്ത് പത്തു വർഷം കഴിഞ്ഞിട്ടും 'ഡാം 999' എന്ന സിനിമയ്ക്കുള്ള വിലക്ക് നീക്കാൻ തമിഴ്നാട് തയ്യാറായിട്ടില്ല. 2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് സുപ്രീം കോടതിയുടെ പ്രദർശനാനുമതി ഉണ്ടായിരുന്നിട്ടു കൂടി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ അവസാനിക്കേണ്ടിയിരുന്ന നിരോധനം തമിഴ്നാട് സർക്കാർ വീണ്ടും പുതുക്കി ഉത്തരവിറക്കിയിരുന്നു. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുന്ന നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ സോഹൻ റോയ് പറഞ്ഞു.

വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നതെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തീയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ചിത്രത്തിന് അഭിമുഖീകരിക്കേണ്ടി വന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു വിഭാഗങ്ങളിലായി അഞ്ച് എൻട്രികൾ നേടിയ ചിത്രമാണ് ഡാം 999.