ആതുരസേവനം ഇഷ്ടപ്പെട്ട് സ്വീകരിച്ചതൊന്നുമല്ല രജനി. പഠിച്ച് എന്തെങ്കിലും ഒരു തൊഴിൽ തരപ്പെടുത്തണം. ഇടയ്ക്കുവച്ച് ഉറ്റകൂട്ടുകാരിയെ പിരിയാൻ മടിച്ച് അവൾക്കൊപ്പം നഴ്സിംഗ് പഠിച്ചു. കോഴ്സ് പൂർത്തിയായതും വിവാഹം കഴിഞ്ഞ് കൂട്ടുകാരി ആസ്ട്രേലിയയിലേക്ക് പോയി. അവിടെ ആതുരസേവനത്തിന് നല്ല പ്രതിഫലം. ഒന്ന് സമ്മതം മൂളിയാൽ മതി ബാക്കി കാര്യങ്ങളെല്ലാം ഏറ്റു. വിസയ്ക്കോ യാത്രാചെലവിനോ ഒന്നും മുടക്കേണ്ട. കൂട്ടുകാരി വിളിക്കുമ്പോഴൊക്കെ പ്രലോഭിപ്പിക്കും. സ്വയം വളരാം, കുടുംബത്തെയും വളർത്താം. പക്ഷേ എങ്ങനെ കുടുംബത്തെ വിട്ടെറിഞ്ഞ് പോകും. അച്ഛൻ നേരത്തെ മരിച്ചു. അമ്മ പച്ചക്കറി കട നടത്തുന്നു. അതിലുള്ള വരുമാനമാണ് ഏക ആശ്രയം. അനുജത്തി കോളേജിൽ പഠിക്കുന്നു. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി കിട്ടിയപ്പോൾ സന്തോഷമായി. ഇടയ്ക്കിടെ നൈറ്റ് ഡ്യൂട്ടിയുണ്ടെങ്കിലും പോയി വരാവുന്ന ദൂരമേയുള്ളൂ. ആശുപത്രിയുടെ വളർച്ച വേഗത്തിലായിരുന്നു. ബഹുനിലമന്ദിരങ്ങൾ ഉയർന്നു കൊണ്ടിരുന്നു. ഉയരാത്തത് കൈയിൽ കിട്ടുന്ന പ്രതിഫലം മാത്രം. ഇടയ്ക്ക് കടയിൽ അമ്മയൊന്ന് വീണു. കാലിലെ മുറിവ് പല മരുന്നുകഴിച്ചിട്ടും ഉണങ്ങുന്നില്ല. ജോലി ചെയ്യുന്ന ആശുപത്രിയിലെ സന്മനസുള്ള വകുപ്പ് മേധാവിയെ കാണിച്ചു. രജനിയുടെ പ്രസരിപ്പും ജോലിയിലുള്ള ആത്മാർത്ഥതയും മാതൃകാപരമാണ്. ഇത്രയും കഷ്ടാവസ്ഥയിലാണ് ജീവിതമെന്ന് തോന്നിയിട്ടേയില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അമ്മയ്ക്ക് അഭിമാനം.
മകൾ ഹരിഃശ്രീയെക്കാൾ ആദ്യം പഠിച്ചതും എഴുതിയതും ഇല്ലായ്മകളാണെന്ന് അമ്മ പറഞ്ഞപ്പോഴും രജനി ചിരിച്ചു നിന്നതേയുള്ളൂ. ആ ഡോക്ടർ പറഞ്ഞാണ് രജനിയുടെ ജീവിതത്തിന്റെ ചില ഏടുകളെങ്കിലും സഹപ്രവർത്തകർ അറിയുന്നത്.
ആസ്ട്രേലിയയിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് കൂട്ടുകാരി രജനിയെ കാണാൻ ജോലിസ്ഥലത്തെത്തിയത്. കാന്റീനിൽ നിന്ന് ചായകുടിച്ച് അവർ രണ്ടുവർഷത്തെ വിശേഷങ്ങൾ പത്തുമിനിട്ടിനുള്ളിൽ പങ്കുവച്ചു. വീണ്ടും ആസ്ട്രേലിയലിലേക്കുള്ള ക്ഷണം കൂട്ടുകാരി ആവർത്തിച്ചു. രജനി വിളറിയ ഒരു ചിരിയോടെ തന്റെ പഴയനിലപാട് ആവർത്തിച്ചു. വേദന ഇപ്പോൾ ഉറ്റചങ്ങാതിയായിരിക്കുന്നു. വിട്ടുപിരിയാത്ത ചങ്ങാതി. രാവിലെ അമ്മയെ ശുശ്രൂഷിക്കും. കാലിലെ മുറിവ് ഡ്രസ് ചെയ്യും. പിന്നെ പച്ചക്കറി കട തുറന്നുവയ്ക്കും. തുടർന്ന് വീട്ടുജോലികൾ അതുകഴിഞ്ഞ് ആശുപത്രിയിലെ ജീവിതം, വേദന തിന്നുന്ന രോഗികൾ. പണക്കൊഴുപ്പിൽ അവഹേളിക്കുന്ന സമ്പന്നരോഗികൾ. ഇപ്പോൾ എന്തും സഹിക്കാൻ പഠിച്ചിരിക്കുന്നു. ഇതിനിടയിൽ സ്വന്തമായി ഒരു രക്ഷപ്പെടൽ ചിന്തിക്കാനേവയ്യ. വീട്ടിൽ ഒരു മൂത്തമകൾ മാത്രമല്ല ഇപ്പോൾ. ഗൃഹനാഥനും ആങ്ങളയും പെങ്ങളയും എല്ലാം ഞാൻ തന്നെ. യാത്രക്കാരെ നടുക്കടലിലാക്കി തോണിക്കാരി മാത്രം രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഭീരുത്വമല്ലേ. രജനിയുടെ ദൃഢമായ സ്വരം കേട്ട് കൂട്ടുകാരി അതിശയിച്ചു.രജനി പറയുന്നതിലും കാര്യമുണ്ട്. ജീവിതയാഥാർത്ഥ്യങ്ങളുണ്ട് എന്ന് കൂട്ടുകാരിക്കും തോന്നി. നിർബന്ധിക്കുന്നില്ല. മനസ് പറയുന്ന സമയം വരുമ്പോൾ ഒന്ന് വിളിക്കുക. തന്റെ വിസിറ്റിംഗ് കാർഡ് കൂട്ടുകാരി രജനിക്ക് നൽകി. നിന്റെ അക്കൗണ്ടിലേക്ക് ഞാൻ ഒരു തുക അയച്ചിട്ടുണ്ട്. അതിന്റെ വലിപ്പവും ചെറുപ്പവും ഒന്നും നോക്കണ്ട.നിനക്കുള്ള ഗുരുദക്ഷിണയാണ്. കാരണം നീ ഒപ്പം വന്നില്ലായിരുന്നെങ്കിൽ ഞാൻ നഴ്സിംഗിന് പോകില്ലായിരുന്നു. ആസ്ട്രേലിയയുമെത്തില്ലായിരുന്നു. കൂട്ടുകാരി രജനിയുടെ വിയർപ്പു പൊടിഞ്ഞ നെറ്റിയിലേക്ക് വീണ മുടിയിഴകളെ മാടിയൊതുക്കി. പിന്നെ ഇരുവരും ഒരേ സമയം ചിരിച്ചു. ഒരേ സമയം കരഞ്ഞു.
(ഫോൺ : 9946108220)