ഭോപ്പോൽ : അമ്മയും പൊലീസ് ഓഫീസറും എന്ന നിലയിൽ ചെയ്യേണ്ട വ്യത്യസ്തമായ ജോലികൾ ഒരുമിച്ച് നിർവഹിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പോലീസ് (ഡിഎസ് പി) ആയി നിയമിതയായ മോണിക്ക സിംഗാണ് ഒന്നരവയസുള്ള കുഞ്ഞുമായെത്തി ഡ്യൂട്ടി ചെയ്തത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഹെലികോപ്ടറിൽ ഇറങ്ങുന്നിടത്താണ് കുഞ്ഞിനെയും കൊണ്ട് ഇവർ ഡ്യൂട്ടി ചെയ്തത്. ജോബത്ത് അസംബ്ലി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിൽ രണ്ട് ദിവസത്തെ പ്രചരണത്തിനായാണ് മുഖ്യമന്ത്രി എത്തിയത്.
സ്വന്തം ശരീരത്തിനോട് ചേർത്ത് ബന്ധിച്ച ബേബി ക്യാരിയർ ബാഗിലായിരുന്നു കുഞ്ഞുമായി മോണിക്ക സിംഗ് ഡ്യൂട്ടി ചെയ്തത്. ഹെലികോപ്ടർ ഇറങ്ങിയപ്പോൾ മോണിക്കയെയും കുഞ്ഞിനെയും കണ്ട മുഖ്യമന്ത്രി വാത്സല്യത്തോടെ അടുത്തെത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തു. ജോലിയോടുള്ള മോണിക്കയുടെ അർപ്പണബോധത്തെ പ്രശംസിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി അവിടെ നിന്നും യാത്രയായത്. പിന്നീട് മോണിക്കയുമായുള്ള ഫോട്ടോ ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റു ചെയ്യുകയും ചെയ്തു. മധ്യപ്രദേശ് നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. കൊച്ചു മകൾക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു എന്നും അദ്ദേഹം കുറിച്ചു.
എന്നാൽ രണ്ട് ദിവസം വീട്ടിൽ നിന്നും ജോലിക്കായി വിട്ടുനിൽക്കേണ്ടി വന്നതിനാലാണ് കുഞ്ഞുമായി വന്നതെന്നും, രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഒപ്പം വരാൻ കുഞ്ഞു നിർബന്ധം പിടിച്ചുവെന്നും പിന്നീട് മോണിക്ക വിശദീകരിച്ചു.
अलीराजपुर यात्रा के दौरान मैंने देखा कि डीएसपी मोनिका सिंह अपनी डेढ़ वर्ष की बेटी को बेबी कैरियर बैग में लिए ड्यूटी पर तैनात थीं।
— Shivraj Singh Chouhan (@ChouhanShivraj) October 20, 2021
अपने कर्तव्य के प्रति उनका यह समर्पण अभिनंदनीय है। मध्यप्रदेश को आप पर गर्व है।
मैं उन्हें अपनी शुभकामनाएं और लाडली बिटिया को आशीर्वाद देता हूं। pic.twitter.com/XFk7h2yxyY
'ഒരു അമ്മയെന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടായിരുന്നു, കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥയെന്ന നിലയിൽ എന്റെ കടമയും നിർവഹിക്കണമായിരുന്നു' അവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ട്വീറ്റ് വൈറലായതോടെ അനേകം പേരാണ് മോണിക്കയേയും മുഖ്യമന്ത്രിയേയും പ്രശംസിച്ചത്, എന്നാൽ കുറച്ച് പേർ മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ഇറങ്ങുമ്പോൾ ഡ്യൂട്ടിക്കായി വനിതാ ഉദ്യോഗസ്ഥയെ കുഞ്ഞിനൊപ്പം നിയോഗിച്ചത് തെറ്റായിപ്പോയെന്ന് സർക്കാരിനെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.