ദുബായ്: ഐ സി സി ടി ട്വന്റി ലോകകപ്പ് വിജയിക്കുവാൻ ഏറ്റവും കൂടുതൽ സാദ്ധ്യത ഇന്ത്യക്കാണെന്ന് ഇംഗ്ളണ്ട് മുൻ നായകൻ നാസർ ഹുസൈൻ. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇന്ത്യക്കുള്ളതെന്നും ലോകകപ്പിൽ കളിക്കുന്ന മറ്റേതൊരു ടീമിനും ഇല്ലാത്ത നിരവധി പ്രത്യേകതകൾ കൊഹ്‌ലി നയിക്കുന്ന ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര ചാനലിനു നൽകിയ അഭിമുഖത്തിലാണ് ടി വി കമന്റേറ്റർ കൂടിയായ നാസർ ഹുസൈൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇതൊക്കെയാണെങ്കിലും വേണമെന്ന് വച്ചാൽ എത്ര ദുർബലമായ ടീമിനും ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് ഹുസൈൻ വ്യക്തമാക്കി. അതിന് മുൻ ഇംഗ്ളണ്ട് നായകൻ പറയുന്ന കാരണം ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഒരു പ്ലാൻ ബി ഇല്ല എന്നുള്ളതാണ്. വെറും 20 ഓവർ മാത്രം നീണ്ടു നിൽക്കുന്ന ടി ട്വന്റി ക്രിക്കറ്റിൽ വളരെ പെട്ടെന്നാണ് വിജയ സാദ്ധ്യതകൾ മാറി മറിയുന്നത്. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള സന്നാഹ മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കാര്യമായ വെല്ലുവിളികൾ എതിരാളികളിൽ നിന്നും നേരിടേണ്ടി വന്നിട്ടില്ല. അതിനാൽ തന്നെ ഇന്ത്യക്ക് ഒരു പ്ലാൻ ബി തയ്യാറാക്കാനോ പരീക്ഷിച്ചു നടപ്പിലാക്കാനോ സാധിച്ചിട്ടില്ലെന്നും ഈ ഒരു ബലഹീനത മുതലാക്കാൻ എതിരാളികൾക്കു സാധിച്ചാൽ ടൂർണമെന്റിന്റെ നോക്ക്‌ഔട്ട് ഘട്ടത്തിൽ ഇന്ത്യ പുറത്താകാൻ സാദ്ധ്യയുണ്ടെന്നും നാസർ ഹുസൈൻ ചൂണ്ടികാണിക്കുന്നു.
ഞായറാഴ്ച പാകിസ്ഥാനെതിരെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.