തിരുവനന്തപുരം: കൊവിഡിന് നേരിയ ശമനം ഉണ്ടായെങ്കിലും നഗരത്തിലെ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ ഒന്നും തന്നെ പൂർവ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയില്ല. ഒമ്പത് പ്രീ പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറുകളാണ് നഗരത്തിലുള്ളത്. എന്നാൽ, നിലവിൽ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. കൊവിഡ് മഹാമാരിയുടെ വ്യാപനം ഉണ്ടായതോടെയാണ് പ്രീ പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ അടച്ചുപൂട്ടിയത്. വീണ്ടും ഗതാഗത സംവിധാനങ്ങൾ പഴയ നിലയിലേക്ക് എത്തിയെങ്കിലും പെട്രോൾ, ഡീസൽ വിലയിലെ വർദ്ധന ഇരുട്ടടിയായി. ഇതോടെ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ നിന്ന് ഡ്രൈവർമാർ അമിത കൂലിയും ഈടാക്കാൻ തുടങ്ങി. ഇതാകട്ടെ യാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള തർക്കങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്.
കൗണ്ടറുകളിൽ വരുമാനമില്ല
ഇപ്പോൾ നഗരത്തിൽ പ്രവർത്തിക്കുന്നത് തമ്പാനൂർ ബസ് സ്‌റ്റേഷനിലെയും റെയിൽവേ സ്‌റ്റേഷനിലെയും പ്രീ പെയ്ഡ് കൗണ്ടറുകൾ മാത്രമാണ്. ഇവിടെയാകട്ടെ പറയാനുള്ളത്ര വരുമാനവും ഇല്ല. ട്രാഫിക് പൊലീസും നഗരസഭയും ചേർന്നാണ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. മറ്റ് കൗണ്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും നഗരസഭ എടുത്തിട്ടുമില്ല. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഡ്വൈസറി കമ്മിറ്റി വിളിക്കാൻ പോലും നഗരസഭ തയ്യാറായിട്ടില്ല. എല്ലാ മാസവും കമ്മിറ്റി വിളിക്കണമെന്നാണ് വ്യവസ്ഥ. ഈ മാസം ഇതുവരെ കമ്മിറ്റി ചേർന്നിട്ടില്ല. ചേരാനുള്ള ആലോചന പോലും നടന്നിട്ടില്ല. അടുത്ത മാസത്തോടെ സ്‌കൂളുകൾ തുറക്കും. അതിനാൽ തന്നെ കൗണ്ടറിലെ ജീവനക്കാർക്ക് ആര് ശമ്പളം നൽകുമെന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. കൊവിഡ് കാലത്ത് ട്രാഫിക് പൊലീസാണ് കൗണ്ടറിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. കൗണ്ടറുകൾ പുനരജ്ജീവിപ്പിച്ചാൽ വരുമാനം കൂടുമെന്ന പ്രതീക്ഷയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പങ്കുവയ്‌ക്കുന്നത്.
അമിത കൂലിയും
പ്രീ പെയ്ഡ് കൗണ്ടറിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ചാലും ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഡ്രൈവർമാർ കൂടുതൽ തുക ആവശ്യപ്പെടുന്നതായി യാത്രക്കാർ നിരന്തരം പരാതി ഉയർത്തുന്നുണ്ട്. , പെട്രോൾ, ഡീസൽ വില ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർമാർ കൂടുതൽ ചാർജ് ആവശ്യപ്പെടുന്നത്. നൽകിയില്ലെങ്കിൽ അവരുടെ പരാതി കേൾക്കേണ്ടി വരുന്നത് യാത്രക്കാരാണ്. ഡ്രൈവർമാരുടെ ഈ നടപടി അവസാനിപ്പിക്കാൻ ട്രാഫിക് പൊലീസ് ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനൊപ്പം ചെറിയ ദൂരത്തേക്ക് ഓട്ടം പോകാനും ഡ്രൈവർമാർ വിസമ്മതിക്കുന്നു. റിട്ടേൺ കിട്ടില്ലെന്നതടക്കമുള്ള കാരണങ്ങളാണ് ഇതിനുള്ള കാരണമായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നത്.
നഗരത്തിലെ പ്രീ പെയ്ഡ് കൗണ്ടറുകൾ
ഗാന്ധി പാർക്ക്, പദ്മനാഭസ്വാമി ക്ഷേത്രം, കിംസ് ആശുപത്രി, പേട്ട റെയിൽവേ സ്റ്റേഷൻ, മെഡിക്കൽ കോളേജ് ആശുപത്രി. പവർ ഹൗസ് റോഡ്, തമ്പാനൂർ ബസ് സ്റ്റേഷൻ, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കിഴക്കേകോട്ട.