ബോളിവുഡിലെ യുവനടിമാരിലൊരാളായ അനന്യ പാണ്ഡെയുടെ പേര് ആര്യൻ ഖാൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായിക്കഴിഞ്ഞു. എൻ.സി.ബി (നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും വീട്ടിൽ റെയ്‌ഡ് നടത്തുകയും ചെയ്തു. എന്നാൽ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം പ്രവർത്തിച്ചിട്ടുളള അനന്യയുടെ ജനപ്രീതി അതിവേഗം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
സ്റ്റുഡന്റ് ഓഫ് ദി ഇയർ 2, പതി പത്നി ഔർ വോ, ഖാലി പീലി എന്നീ സിനിമകൾ അനന്യ അഭിനയിച്ച ചിത്രങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം 22 കാരിയായ അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
സിനിമകളിൽ പ്രവർത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാൻഡ് എൻഡോർസ്മൻറ്റുകളിലൂടെയും പണം സമ്പാദിക്കുന്നു. സോഷ്യൽ മീഡിയയെക്കുറിച്ച് പറയുമ്പോൾ, നടിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ബ്രാൻഡ് പ്രമോഷൻ നടത്തുമ്പോഴും അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു.
നടൻ ചുങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെപ്പോലെ ബോളിവുഡിൽ ഒരു ഇടം നേടാൻ അവർ ആഗ്രഹിച്ചു. 21ാം വയസിൽ, സ്റ്റുഡന്റ് ഒഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.