kk

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ ആക്രമണത്തിന് ശേഷം , വ്യാപകമായ നുണ പ്രചാരണമാണ് എസ്.എഫ് ഐ നടത്തുന്നതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കബീര്‍ പറഞ്ഞു . അക്രമത്തെ മറച്ചു വെയ്ക്കുകയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ശ്രമിച്ച എ.ഐ.എസ്.എഫുകാരെ അധിക്ഷേപിക്കാനുമാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ എം സച്ചിന്‍ ദേവ് മുതിര്‍ന്നതെന്ന് എ.ഐ.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു

.പുരോഗമന,ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന് വീമ്പിളക്കുന്ന എസ്.എഫ്.ഐ , എന്തുകൊണ്ടാണ് ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത്രമേല്‍ പേടിക്കുന്നത്?. എ.ഐ.എസ്.എഫുകാരുടെ കൂടി വിയര്‍പ്പിന്റെ ഫലമായി ആണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഇന്ന് എം.എല്‍.എ കസേരയില്‍ ഇരിക്കുന്നതെന്ന കാര്യം ഓര്‍മ്മിപ്പിക്കേണ്ടി വരികയാണെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ പറയുന്നു. .

വിദ്യാര്‍ത്ഥിനി നേതാക്കള്‍ അടക്കമുള്ള എഐഎസ്എഫ് സഖാക്കളെ ക്രൂരമായി മര്‍ദിച്ചതിനെ ന്യായീകരിക്കാന്‍ , വലതു പക്ഷ കൂട്ടുകെട്ട് എന്നൊക്കെയുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. അക്രമങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ചുസ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ മഹത്വം ഇനിയെങ്കിലും എസ്.എഫ്‌.ഐ ഗുണ്ടകള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് സച്ചിന്‍ ദേവ് അടക്കമുള്ള നേതൃത്വം ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കില്‍ പ്രതിഷേധച്ചൂട് അറിയേണ്ടിവരും എന്നതിലും സംശയമില്ലെന്നും എ.ഐ.എസ്.എഫ് മുന്നറിയിപ്പ് നൽകി.