ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് നടി സാറാ അലി ഖാൻ. ട്വിറ്ററിലൂടെയാണ് നടി ആശംസകൾ നേർന്നത്. എന്നാൽ സാറയുടെ നടപടിയെ പരിഹസിച്ച് നിരവധിപേർ രംഗത്തെത്തി. ബോളിവുഡ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) റഡാറിന് കീഴിലായതിനാലാണ് നടി അമിത് ഷായ്ക്ക് ആശംസ അറിയിച്ചതെന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയർന്നു.
Warmest birthday wishes and regards to the Hon’ble Union Home Minister @AmitShah ji.
— Sara Ali Khan (@SaraAliKhan) October 22, 2021
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ മുംബയ് ആർതർ റോഡ് ജയിലിൽ കഴിയുകയും നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസിൽ എൻ.സി.ബിയുടെ ചോദ്യം ചെയ്യലുകളിലൂടെ കടന്നുപോകുകയുമാണ്. ഇതിനിടയിൽ, സാറ ജന്മദിനാശംസകൾ നേർന്നത് ആഭ്യന്തര മന്ത്രിയുടെ പ്രീതി സമ്പാദിച്ച് എൻ.സി.ബിയിൽ നിന്ന് സ്വയം രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ട്വിറ്റർ ഉപഭോക്താക്കൾ ആരോപിച്ചു.
ഇനി എൻ.സി.ബി റെയ്ഡുകൾ വേണ്ട. നിങ്ങൾ ഇപ്പോൾ സുരക്ഷിതയാണെന്ന് ഒരാൾ സാറയുടെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു. അതേസമയം, സാറ അലി ഖാൻ സ്വയം സുരക്ഷിതയാണെന്ന് അടയാളപ്പെടുത്തുന്നതായും കമന്റുകൾ വന്നു. സാറയേയും എൻ.സി.ബിയെയും കൂട്ടിച്ചേർത്തും പരിഹസിച്ചും നിരവധി അഭിപ്രായങ്ങളാണ് നടിയുടെ ട്വീറ്റിനുതാഴെ ആളുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.