ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരിലേക്ക്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ കാശ്മീർ സന്ദർശനം. 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം അദ്ദേഹം ക്യാമ്പ് ചെയ്യുന്ന ഗുപ്കാര്‍ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പരിധിയിലെ ഓരോ ചലനവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും.
സ്‌നൈപ്പര്‍മാരേയും, ഷാര്‍പ്പ്ഷൂട്ടര്‍മാരേയും തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. മറഞ്ഞിരുന്ന് ഉന്നംതെറ്റാതെ വെടിവെക്കാന്‍ പ്രത്യേക പരിശീലനം നേടിയവരാണ് സ്‌നൈപ്പേഴ്‌സ്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. കൂടാതെ കാല്‍നട യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. ഡ്രോണുകളുടെ നിരീക്ഷണവും ഉണ്ടാകും.
ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യലാണ് അമിത് ഷായുടെ ആദ്യ പരിപാടി. ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ, അതിർത്തി സുരക്ഷാ സേന തലവൻ പങ്കജ് സിംഗ്, സി ആർ പി എഫ് മേധാവി, എൻ എസ് ജി മേധാവി, ജമ്മു കാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.
ഭീകരർ കൊലപ്പെടുത്തിയ സാധാരണക്കാരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിക്കും. ഞായറാഴ്ച അമിത് ഷാ ജമ്മുവിലേക്ക് പോകും. അവിടെ അദ്ദേഹം ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും. ശേഷം ശ്രീനഗറിലേക്ക് തിരിച്ച് പോകും. തിങ്കളാഴ്ച തദ്ദേശ ജനപ്രതിനിധികളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.