onion

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് കൃഷിപ്പണി അറിയുന്നവരെ റിക്രൂട്ട് ചെയ്യുന്നു. ഒരു ലക്ഷം രൂപയാണ് ശമ്പളം. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശ ജോലി ലഭിക്കുന്നതിന് കേരളത്തിലെ യുവാക്കളെ സഹായിക്കുന്ന സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് അപേക്ഷിക്കേണ്ടത്.

കൊറിയയുടെ ചേംബർ ഒഫ് കൊമേഴ്സുമായി ചേർന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ 100 പേർക്ക് വരെ അവസരം ലഭിക്കും. ദക്ഷിണ കൊറിയൻ സ‌ർക്കാരിന് പങ്കാളിത്തമുള്ള കാർഷിക പദ്ധതിയിലേക്കുള്ള നിയമനത്തിൽ പ്രധാനമായും സവാള കൃഷിയായിരിക്കും ചെയ്യുക. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കരാർ പിന്നീട് മൂന്ന് വർഷം വരെ ദീർഘിപ്പിച്ചേക്കും. ഇംഗ്ളീഷ് അറിയുന്നവർക്ക് മുൻഗണന ലഭിക്കും. 1000 മുതൽ 1500 അമേരിക്കൻ ഡോളർ വരെയാണ് ശമ്പളം. ഇത് ഏകദേശം 75000 മുതൽ 1,12,000 രൂപ വരെ വരും. താമസസ്ഥലം പ്രത്യേകം നോക്കേണ്ടി വരുമെങ്കിലും ജോലി സമയത്തെ ഭക്ഷണം കമ്പനി നൽകും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ജോലി സമയം. മാസം 28 ദിവസം ജോലി ഉണ്ടാകും.

ജോലിക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി ഒഡെപെക് തിരുവനന്തപുരത്തും എറണാകുളത്തും സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും വച്ചാണ് സെമിനാർ. കൊറിയയിലെ ജീവിത സാഹചര്യങ്ങൾ, കൃഷി, ജീവിത ചെലവ്, താമസ സൗകര്യം, സംസ്‌കാരം, തൊഴിൽ സൗകര്യം എന്നിവയെ കുറിച്ചെല്ലാം ബോധവത്കരണം നടത്താനാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7736496574 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.