food

ചിലർ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ കണ്ണ് തള്ളിപ്പോകും. ഒരു മനുഷ്യന്റെ ജീവൻ നിലനിർത്താൻ എന്തിനാണ് ഇത്രയേറെ ഭക്ഷണമെന്ന് അറിയാതയെങ്കിലും ചിലപ്പോൾ ചോദിച്ചുപോകും.

അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നവർക്ക് ചില രീതികളും കാണും.

ചിലർക്ക് മസാല കൂടുതലുള്ള ഭക്ഷണത്തോട് അമിത പ്രിയമാണ്. മറ്റുചിലർക്ക് മധുരമാണിഷ്‌ടം. മട്ടനും ചിക്കനുമുണ്ടെങ്കിൽ ധാരാളം ഭക്ഷണം കഴിക്കുന്ന വേറെചിലർ. ഫ്രീയായി കിട്ടിയാൽ എന്തും കഴിക്കുന്ന ചിലരുമുണ്ട്. ഇത്തരത്തിൽ പലവിധ കാരണങ്ങളാണ് അമിതഭക്ഷണത്തിന് പിന്നിലുള്ളത്.

അമിതമായി ഭക്ഷണം കഴിക്കുന്ന ചിലർക്കെങ്കിലും വളരെ പ്രയാസമുണ്ടാകുന്ന വിധത്തിൽ രക്തത്തിലെ ഷുഗർലെവൽ വർദ്ധിക്കുകയോ ഗ്യാസ് കൂടുകയോ ഹൃദയാരോഗ്യം തന്നെ അപകടത്തിലാകുകയോ ചെയ്‌തിട്ടുണ്ട്.

ഭക്ഷണരീതികൾ

പലത്

സുഖമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കുമ്പോഴും നിർബന്ധിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളപ്പോഴും കഴിച്ചതിനുമേൽ വീണ്ടും കഴിക്കുകയും ദഹനത്തിനാവശ്യമായ ഇടവേള നൽകാതിരിക്കുകയും ചെയ്യുന്നവരുണ്ട്. രുചി മാത്രം നോക്കികഴിക്കുന്നവരും നിറംനോക്കി കഴിക്കുന്നവരും പരസ്യം കണ്ട് ആകൃഷ്‌ടരായി കഴിക്കുന്നവരുമുണ്ട്. ഇത്തരം സന്ദർഭങ്ങളിലെല്ലാം എന്താണ് ആഹാരം എന്നതിന്റെ നിർവചനം പോലും ചിലർ മറന്നുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.

ചമ്രം പടഞ്ഞിരുന്ന് കഴിക്കാൻ പറഞ്ഞിരുന്നതും ഇരിക്കുന്ന നിരപ്പിൽത്തന്നെ ഇലയോ പാത്രമോ വച്ച് കഴിക്കാൻ നിർബന്ധിച്ചതും പലവിധ ഭക്ഷണം പ്രോത്സാഹിപ്പിച്ചതും ഒരു ഭക്ഷണം കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് മറ്റൊരു ഭക്ഷണംകൂടി ഉപദേശിച്ചിരുന്ന രീതിയും ചക്കയ്‌ക്ക് ചുക്ക് എന്ന രീതിയിലുള്ള അമിതഭക്ഷണം കഴിച്ചവർക്കുള്ള ഉപദേശങ്ങളും പരമാവധി നാരുകളടങ്ങിയതും സസ്യാഹാരവും നിർദ്ദേശിച്ചതുമെല്ലാം ഭക്ഷണം ആവശ്യത്തിനുമാത്രമേ പാടുള്ളൂ എന്നത് കൊണ്ടായിരുന്നു.

അറിയണം,

തെറ്റായരീതി

സംസ്‌കരിച്ച ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ഭക്ഷണവും അതിനൊപ്പം മാംസവും പിന്നെ വറുത്തതും കൂടെയുണ്ടെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കുവാൻ തോന്നും. സാലഡും പഴവർഗങ്ങളും സസ്യാഹാരങ്ങളും കൂടി ഉൾപ്പെടുത്തി മാംസാഹാരങ്ങളുടെ ദോഷം കുറയ്‌ക്കാനാകും. മനോഭാവത്തിന് വ്യത്യാസം വരുത്തിയാൽ തന്നെ ഭക്ഷണത്തോടുള്ള അമിതതാല്‌പര്യം കുറച്ചുകൊണ്ടുവരാൻ സാധിക്കും.

വെറുംവയറ്റിൽ ചായയും കോഫിയും ഭക്ഷണത്തിനു മുമ്പ് മദ്യവും സോഡയും ചില അരിഷ്‌ടങ്ങളും കുടിക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിനും കഴിക്കുന്ന ആഹാരത്തിലുള്ള കൊഴുപ്പിന്റെ അംശം പരമാവധി ആഗിരണം ചെയ്യുന്നതിനും അവസരമൊരുക്കും. ഇവയും ചില മാനസികരോഗങ്ങളും വളർച്ചാവൈകല്യങ്ങളും ടെൻഷനും ഇതുകാരണം ഫാറ്റിലിവറും പൊണ്ണത്തടിയുമുണ്ടാകാം. വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും കഴിക്കുമ്പോൾ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാനും കൂടുതൽ അളവിലുള്ള ഭക്ഷണം പ്രയോജനപ്പെടുന്നതാണ്. എന്നാൽ, അത് യഥാർത്ഥത്തിലുള്ള വിശപ്പല്ലെന്നും അസിഡിറ്റി കാരണമുണ്ടാകുന്ന ബുദ്ധിമുട്ടാണെന്നും മനസിലാക്കേണ്ടതുണ്ട്. ഇത് വിശപ്പാണെന്ന് തെറ്റിദ്ധരിക്കുന്നവർ കൂടുതൽ ഭക്ഷണം കഴിക്കാനുമിടയുണ്ട്.

ആരോഗ്യം അറിഞ്ഞ്

കഴിക്കണം

ചില ഭക്ഷണങ്ങൾ അല്പമായ അളവിൽ കഴിച്ചാൽപോലും അധികമായ ഊർജ്ജം നൽകുന്നവയാണ്. കൊഴുപ്പുള്ള ആഹാരങ്ങൾ പ്രത്യേകിച്ചും. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ വസിക്കുന്നവർക്കും തണുത്ത കാലാവസ്ഥയിലും വിശപ്പ് കൂടുതലായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഊർജ്ജം ചെലവാകുന്ന പണികളില്ലാത്തവർക്ക് കൊഴുപ്പ് അടിഞ്ഞുകൂടാനും സാദ്ധ്യതയുണ്ട്. ബ്രെസ്റ്റ്, ബട്ടക്‌സ്, വയർ, തുടകൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ രൂപം തന്നെ മാറ്റിക്കളയും. ആന്തരികാവയവങ്ങളിൽ കൊഴുപ്പടിയുന്നത് മറ്റു ബുദ്ധിമുട്ടുകളുമുണ്ടാക്കും. പൊതുവേ ഭീമാകാരന്മാരായ സുമോ ഗുസ്‌തിക്കാരിൽ അദ്ധ്വാനത്തിന്റെ മികവുകൊണ്ട് കൊഴുപ്പ് സംഭരിക്കപ്പെടുന്നത് ത്വക്കിനടിയിലാണ്. അദ്ധ്വാനമില്ലാത്തവർ അമിതമായി ഭക്ഷണം കഴിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് മനസിലായല്ലോ. അമിതമായാണോ ഭക്ഷണം കഴിക്കുന്നതെന്ന കാര്യം തിരിച്ചറിയുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. അതിനായി നിലവിലെ അസുഖങ്ങൾ, പാരമ്പര്യമായി ഉണ്ടാകാനിടയുള്ള രോഗങ്ങൾ, ജീവിക്കുന്ന ചുറ്റുപാട്, കാലാവസ്ഥ, ഇപ്പോഴുള്ള ആരോഗ്യ സ്ഥിതി, പ്രതീക്ഷിക്കുന്ന ആരോഗ്യം തുടങ്ങിയവകൂടി പരിഗണിക്കേണ്ടതാണ്.

ശ്രദ്ധയുണ്ടെങ്കിൽ

നല്ലത്

ഇഷ്‌ടമുള്ളതും ഗുണമുള്ളതും എത്ര വേണമെങ്കിലും കഴിക്കാമെന്നൊരു മുൻവിധി ചിലർക്കെങ്കിലുമുണ്ട്. അതുകൊണ്ടാണല്ലോ ഒറ്റയിരുപ്പിന് തന്നെ ഒരു പായ്‌ക്കറ്റ് ക്യാഷ്യൂനട്ടും ഒരുപൊതി കടലയും കപ്പലണ്ടിയുമൊക്കെ കൊറിച്ചുതീർക്കുന്നത്. നാലോ അഞ്ചോ എണ്ണം കഴിക്കുന്നത് ഗുണകരമെങ്കിലും പായ്‌ക്കറ്റ് കണക്കിന് കഴിച്ചാൽ ഗ്യാസ് മാത്രമേ ഉണ്ടാകൂ. അതുപോലെ ഹൽവ കഴിക്കുമ്പോൾ ഹാ,എത്ര നന്നായിരിക്കുന്നു എന്ന് പറഞ്ഞ് അധികം കഴിക്കാതെ അതിൽ എന്തൊക്കെയാണ് ചേരുവകൾ,​ എന്തൊക്കെ ഗുണങ്ങളാണ് അത് ഉണ്ടാക്കുന്നത്,​ നിലവിലുള്ള അസുഖങ്ങളെ അത് വർദ്ധിപ്പിക്കുമോ എന്നുകൂടി ആലോചിക്കണം.

എരിവും പുളിയും ചൂടുമുള്ള ഭക്ഷണവും ചില പ്രത്യേക കോമ്പിനേഷനുകളും പതിവില്ലാത്ത ഭക്ഷണവും ചില പ്രത്യേക ഭക്ഷണത്തിനൊപ്പം കോളയും സോഡയും മദ്യവും കൂടി ചേരുമ്പോഴും സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കുമൊപ്പമിരുന്നുള്ള ഭക്ഷണവും മിക്കവാറും ആവശ്യത്തിലേറെ ആകുകയാണ് പതിവ്. പല കാരണങ്ങളാലുണ്ടാകുന്ന അസിഡിറ്റിയും അൾസറുമെല്ലാം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പ്രേരിപ്പിക്കുന്ന രോഗങ്ങളാണ്. നന്നായി ചവച്ച് കഴിഞ്ഞാൽ കുറച്ചേ കഴിക്കാനാകൂ എന്ന കാരണം കൊണ്ട് ചവയ്‌ക്കാതെ ഭക്ഷണം വിഴുങ്ങുന്നവരുമുണ്ട്. വിഴുങ്ങുന്ന ഭക്ഷണം വീണ്ടും തികട്ടിയെടുത്ത് നന്നായി ചവച്ചരച്ച് അയവിറക്കാൻ മനുഷ്യർക്ക് സാധിക്കില്ലല്ലോ.