yogi

ലക്‌നൗ: അലഹാബാദിനെ പ്രയാഗ് രാജ് ആക്കി മാറ്റിയ യോഗി ആദിത്യനാഥിന്റെ നിർണായക തീരുമാനം മൂന്ന് വർഷം മുൻപായിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രധാന പേര് മാറ്റം കൂടി നടത്തിയിരിക്കുകയാണ് യോഗി സർക്കാർ. ഫൈസാബാദ് റെയിൽവെ സ്‌റ്റേഷന്റെ പേരാണ് ഇത്തവണ മാറ്റിയത്. പുതിയ പേര് അയോദ്ധ്യാ കന്റോൺമെന്റ് എന്നാണ്. 2022 ആദ്യം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗിയുടെ നിർണായക നീക്കം.

ഹിന്ദുനാമങ്ങൾ നഗരങ്ങൾക്കും റെയിൽവെ സ്‌റ്റേഷനുകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകാനുള‌ള യോഗി സർക്കാർ തീരുമാനമനുസരിച്ചാണ് പുതിയ പേര്‌മാറ്റം. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാലുടൻ പേരുമാ‌റ്റം പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അസദുദ്ദീൻ ഒവൈസിയുടെ അഖിലേന്ത്യ മജ്‌ലിസ് ഇതെഹാദുൾ മുസ്ളീമീൻ പതിച്ചിരുന്ന ഫൈ‌സാ‌ബാദ് എന്ന് പേര് അച്ചടിച്ച പോസ്‌റ്ററുകൾ മാറ്റാൻ പൊലീസ് ഉത്തരവിട്ട വിവാദ തീരുമാനത്തിന് പിന്നാലെയാണ് സ്ഥലനാമം മാറിയത്. മേഖലയിൽ അസദുദ്ദീന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് പോസ്‌റ്റർ പതിച്ചിരുന്നത്. ഫൈസാബാദ് എന്ന് പോസ്‌റ്ററിൽ പേര് അച്ചടിച്ചത് സ്ഥലത്ത് വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.

ആ‌ർട്ടിക്കിൾ 370 നടപ്പാക്കി കോൺഗ്രസ് തീവ്രവാദത്തിന് വേരുനാട്ടാൻ കാരണമായെന്ന് യോഗി ആദിത്യനാഥ് മുൻപ് വിമർശിച്ചിരുന്നു. യുപിയിലെ മാഫിയ രാജിനെ ബിജെപി ഭരണത്തിൽ തുടച്ചുനീക്കുമെന്ന് യോഗി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി സർക്കാരാണ് വരുന്നതെങ്കിൽ കലാപങ്ങൾ ഉണ്ടാകില്ല, ഒരു സാമൂഹ്യവിരുദ്ധ ശക്തികൾക്കും അതിന് കഴിയില്ല. അവർ അതിന് ധൈര്യപ്പെട്ടാൽ സംസ്ഥാന സർക്കാരിന്റെ ബുൾഡോസർ അവരുടെ നെഞ്ചിലൂടെ ഓടുമെന്നും യോഗി പറഞ്ഞു.