drug-case

മുംബയ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യന ഖാൻ പ്രതിയായ മയക്കുമരുന്ന് കേസിൽ ഷാരൂഖിന്റെ മാനേജറായ പൂജ ദധ്‌ലാനിയെ ഇന്നലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. കേസിൽ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതിന് പിന്നാലെയാണിത്.

മുംബയിലെ എൻ.സി.ബി ഓഫീസിൽ നടന്ന ചോദ്യംചെയ്യലിൽ പൂജയിൽ നിന്ന് ആര്യനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചെന്നാണ് റിപ്പോർട്ടുകൾ. ആര്യന്റെ ചികിത്സാരേഖകളും വിദ്യാഭ്യാസ വിവരങ്ങളും ഹാജരാക്കാനും പൂജയോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം,​ ഫോൺ എൻ.സി.ബിയ്ക്ക് കൈമാറുന്നതിന് മുൻപ് നടി ചാറ്റുകൾ ഡിലീറ്റ് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനന്യയുടെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ബാന്ദ്രയിലടക്കം മൂന്നിടങ്ങളിൽ എൻ.സി.ബി റെയ്ഡ് നടത്തി.

 ഇത് പ്രൊഡക്ഷൻ ഹൗസല്ല

അതിനിടെ, വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലിന് വൈകിയെത്തിയ അനന്യയ്ക്ക് താക്കീത് നൽകി എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ. ഇത് സിനിമാ പ്രൊഡക്ഷൻ ഹൗസ് അല്ലെന്നും കേന്ദ്ര ഏജൻസിയുടെ ഓഫീസാണെന്നും വാങ്കെഡെ നടിയെ ഓർമിപ്പിച്ചു. കൃത്യസമയത്ത് ഓഫീസിലെത്തണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11ന് ഹാജരാകാനാണ് നടിയോട് എൻ.സി.ബി. ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മൂന്ന് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ ഹാജരായത്. ഇതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

 കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആര്യൻ

കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആര്യൻ ഖാൻ. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ആര്യൻ ആരോപണമുന്നയിച്ചിരിക്കുന്നത് .എൻ.സി.ബി വാട്സാപ് ചാറ്റുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് ആര്യൻ ആരോപിച്ചു.

ഇതു നീതീകരിക്കാനാകാത്ത നടപടിയാണ്. എൻ.സി.ബി തന്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് ആര്യന്റെ വാദം. പ്രതികളായ അർബാസ് മർച്ചന്റ്, അജിത് കുമാർ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ലെന്നും ആര്യൻ അവകാശപ്പെട്ടു