monson

കൊച്ചി:പുരാവസ്തു -സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൺസൺ മാവുങ്കലുമായുള്ള ബന്ധത്തെപ്പറ്റി വിശദമായി വെളിപ്പെടുത്തി സുരേഷ് . കഴിഞ്ഞ ദിവസങ്ങളിൽ 10 തവണയിലധികമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമുന്നിൽ സുരേഷ് മൊഴി നൽകിയത്. മോൺസണ് കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാണ് ചോദിച്ചത് എന്ന് സുരേഷ് പറഞ്ഞു.

ഒരുപാട് വസ്തുക്കൾ കൊടുത്തിട്ടുണ്ട്. അതിന്റെയെല്ലാം ശരിയായ പഴക്കം പറ‌ഞ്ഞുതന്നെയാണ് കൊടുത്തത്.സ്കൂൾ കാലം മുതലേ തനിക്ക് ആന്റിക് കളക്ഷനുകൾ ഉണ്ട്. അഞ്ച് വ‌ർഷമായി ബിസിനസ് നടത്തുന്നു. വാങ്ങുന്നവർ അത് എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കാൻ അവകാശം ഇല്ല ,പ്രത്യേകിച്ച് മോൺസണെ പോലെയുള്ള ഉന്നതബന്ധമുള്ളവരോട്. താൻ കള്ളം പറഞ്ഞിട്ടല്ല കൊടുത്തത്. ഏതാണ്ട് 60 വർഷം പഴക്കമുള്ള വസ്തുക്കളാണ് കൊടുത്തതെന്നും സുരേഷ് പറയുന്നു.

ടിപ്പുവിന്റെ കസേര കാണുമ്പോൾ തന്നെ അറിയാം പുതിയ വർക്കുകളാണ് അതിലുള്ളത്. മോഹൻലാൽ ഒഴികെ പല പ്രമുഖരും അതിൽ ഇരുന്നിട്ടുണ്ട് . ടിപ്പുവിന്റേതാണെങ്കിൽ അതിലിരിക്കാൻ തനിക്ക് യോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കിമാറ്റിയത്. മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണൻ വെണ്ണ കട്ടു തിന്നതാക്കിയത്. മ്യൂസിയം തുടങ്ങുമ്പോൾ എല്ലാവർക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും സുരേഷ് പറയുന്നു. "80 വർഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമൻ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്.പ്രമുഖരെ ആകർഷിക്കാൻ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്".സുരേഷ് പറയുന്നു.

പരാതി നൽകിയ യുവതിയെയും മാതാവിനെയും കണ്ടു പരിചയം ഉണ്ട്. ഒരുപാട് യുവതികൾ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇടക്ക് മാത്രമാണ് അവിടേക്ക് ചെല്ലുന്നത് അതുകൊണ്ടുതന്നെ എന്തു നടക്കുന്നു എന്നറിയില്ല. മോൺസണ് കൊടുത്ത കാശ് പലിശയ്ക്കെടുത്തതാണ്. പലിശക്കാരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ട്.വാർത്ത വന്നപ്പോൾ മാത്രമാണ് സത്യം അറിഞ്ഞത്.കൃത്യമായ രേഖകൾ കാണിച്ചു തന്നതിനാൽ സംശയങ്ങളൊന്നും തോന്നിയില്ല.നിലവിൽ മൂന്നു കോടി 30 ലക്ഷം രൂപ നൽകാനുണ്ടെന്നുമാണ് സുരേഷ് പറയുന്നത്.