unique

രണ്ടാമത്തെ വയസിൽ പൊതുവേ കുട്ടികൾ കളിപ്പാട്ടങ്ങൾക്കൊപ്പമാകും കളിക്കുക. എന്നാൽ, ബാൻജോ എന്ന ആസ്‌ട്രേലിയൻ കുഞ്ഞിന്റെ കളിപ്പാട്ടം കേട്ടാൽ ആരുമൊന്ന് ഞെട്ടും. പാമ്പിനൊപ്പമാണ് കളി. അതും ജീവനുള്ള പാമ്പിനൊപ്പം. മുതിർന്നവർക്ക് പോലും ജീവനുള്ള പാമ്പിനെ അടുത്ത് കണ്ടാൽ പേടിയാണ്. പക്ഷേ ഈ ഇത്തിരി കുഞ്ഞന് പാമ്പോ പഴുതാരയോ ഒന്നിനെയും പേടിയില്ല. കക്ഷിയെ പറ്റി കൂടുതൽ അറിഞ്ഞാലേ അതിന് പിന്നിലെ രഹസ്യം മനസിലാകൂ. ആസ്‌ട്രേലിയയിലെ ജനവാസ മേഖലയിലെ പാമ്പുകളെ മുഴുവൻ പിടിച്ച് കാട്ടിൽ കൊണ്ടുവിടുന്ന റൈറ്റിന്റെ മകനാണ് ലിൻ ബാൻജോ. പിന്നെ, കക്ഷിയ്ക്ക് എങ്ങനെയാണ് പാമ്പുകളോട് പേടി തോന്നുക. അടുത്തിടെ രണ്ട് മീറ്റർ നീളമുള്ള പാമ്പിനെയാണ് ബാൻജോയ്ക്ക് കാണാനായി റൈറ്റ് കൊണ്ടുവന്നത്. വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്നെന്നു കരുതി യാതൊരു ഭാവവ്യത്യാസങ്ങളും ബാൻജോയുടെ മുഖത്തുണ്ടായിരുന്നില്ല. മാത്രമല്ല, പാമ്പിന്റെ വാലിൽ പിടിച്ച് പുൽത്തകിടിയിലൂടെ വലിച്ചുകൊണ്ടു പോകുന്ന ബാൻജോയുടെ വീഡിയോയും വൈറലായി. അവനെ പിടിച്ച് പുൽത്തകിടിയിലേക്കിടൂ എന്ന് അച്‌ഛനോട് കുഞ്ഞ് ബാൻജോ പറയുന്നുമുണ്ട്. എന്നാൽ പാമ്പിൽ പിടിച്ച് വലിക്കുന്ന ബാൻജോയോട് സൂക്ഷിക്കണമെന്നും പാമ്പ് കടിക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും കക്ഷി അതൊന്നും കേട്ട ഭാവം കാണിക്കുന്നില്ല. ഒരു പുതിയ കളിപ്പാട്ടത്തെ കിട്ടിയ സന്തോഷത്തിലാണ് പുള്ളിക്കാരൻ.