fggdf

ഡമാസ്‌കസ് : സിറിയയിൽ യു.എസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ക്വ ഇദയിലെ മുൻനിര ഭീകരനെ വധിച്ചതായി പെന്റഗൺ. വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടന്ന ആക്രമണത്തിൽ കൊടും ഭീകരനായ അബ്ദുൽ ഹമീർ അൽ മതറാണ് കൊല്ലപ്പെട്ടതെന്ന് സെൻട്രൽ കമാൻഡ് വക്താവ് ആർമി മേജർ ജോൺ റിഗ്സ്ബി അറിയിച്ചു. MQ-9 എയർക്രാഫ്റ്റുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മറ്റ് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയെ അൽ ക്വ ഇദ സുരക്ഷിത താവളമായി ഉപയോഗിച്ചു വരികയാണ്. രാജ്യത്തെ അൽ ക്വ ഇദ മുൻനിര നേതാവിന്റെ വധത്തോടെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെയുള്ള ഭീകര പദ്ധതികളെ തടസപ്പെടുത്താൻ കഴിഞ്ഞെന്നും റിഗ്സ്ബി പറഞ്ഞു.

സിറിയയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളത്തിന് നേരെ രണ്ടു ദിവസം മുൻപ് അൽ ക്വ ഇദ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനേതാവ് കൊല്ലപ്പെട്ടത്.