kk

അബുദാബി: ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേിയ ആദ്യ വിജയം നേടി. കുറഞ്ഞ സ്കോർ പിറന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷടത്തിൽ 121 റൺസ് നേടിയാണ് ഓസ്ട്രേലിയയുടെ ജയം.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ ഓസീസ് മറികടന്നു. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായി. തുടര്‍ന്ന് 15 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത വാര്‍ണറെ അഞ്ചാം ഓവറില്‍ റബാദ മടക്കി. മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു അടുത്തത്. 17 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യം ഓസീസിനെ 80 റണ്‍സ് വരെയെത്തിച്ചു. 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത സ്മിത്തിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയ ഏയ്ഡന്‍ മാര്‍ക്രം ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. 16-ാം ഓവറില്‍ 21 പന്തില്‍ 18 റണ്‍സുമായി മാക്‌സ്‌വെല്‍ മടങ്ങി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ വിജയത്തിലെത്തിച്ചു. സ്റ്റോയ്‌നിസ് 16 പന്തില്‍ നിന്ന് 24 റണ്‍സുമായി പുറത്താകാതെ നിന്നു. വെയ്ഡ് 10 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. .മികച്ച ബൗളിംഗുമായി ഓസീസ് ബൗളർമാർക്ക് മുന്നിൽ എയ്ഡൻ മാർക്രം മാത്രമാണ് പിടിച്ചു നിന്നത്. മാർക്രം 36 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്തു. ഓസീസിനായി ഹെയ്‌സൽവുഡും ആദം സാംപയും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.