lever

കോഴിക്കോട്: സ്വകാര്യ എയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്ന് പറന്നെത്തിയ കരൾ കണ്ണൂരിലെ സിദ്ധാർത്ഥ് കുമാറിൽ തുടിക്കും. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കഴിയുന്ന 61കാരനിൽ കരൾ വച്ചുപിടിപ്പിക്കുന്ന ദൗത്യം ഇന്നു പുലർച്ചെ മൂന്നു മണിയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് നാഗർകോവിൽ സ്വദേശി സുശീലാബായിയുടെ (55) കരളാണ് ഇതിനായി എത്തിച്ചത്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു.

ആസ്റ്റർ മിംസ് ആശുപത്രി അധികൃതർ ബംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷന്റെ സേവനം തേടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഹെലികോപ്ടർ,കരളുമായി 3.30ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ആശുപത്രിക്ക് അടുത്തുള്ള എയർ സ്ട്രിപ്പുകളിൽ ഇറക്കാൻ കഴിയുമായിരുന്നില്ല.

5.03 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. 5.30 ഓടെ ആസ്റ്റർ മിംസിൽ അവയവമെത്തി. ശസ്ത്രക്രിയയ്ക്ക് സജ്ജമായി കാത്തിരിക്കുകയായിരുന്നു ഡോക്ടർമാർ. ഡോ.സജീഷ് സഹദേവൻ (ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി), സീനിയർ കൺസൽട്ടന്റ് ഗ്യാസ്‌ട്രോ സർജന്മാരായ ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്യാസ്‌ട്രോ ടീം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. കിഷോർ, ഡോ. രാഗേഷ് എന്നിവരാണ് സംഘത്തിലുള്ളത്.