innova

കൊച്ചി: അത്യാധുനിക ടെക് ഫീച്ചറുകൾ ഉൾപ്പെടുത്തി ഇന്നോവ ക്രിസ്‌റ്റയുടെ ലിമിറ്റഡ് എഡിഷൻ ടൊയോട്ട വിപണിയിലിറക്കി. 7/8 സീറ്റ് ഓപ്‌ഷനുകളുള്ള ലിമിറ്റഡ് എഡിഷന് 16 ആകർഷക നിറഭേദങ്ങളുമുണ്ട്. പെട്രോൾ,​ ഡീസൽ എൻജിൻ പതിപ്പുകളിൽ എം.യു.വി ലഭിക്കും.

2.7 ലിറ്റർ പെട്രോൾ എൻജിൻ 166 പി.എസ്. കരുത്തുള്ളതും 245 എൻ.എം പരമാവധി ടോർക്ക് ഉത്പാദിപ്പിക്കുന്നതുമാണ്. 2.4 ലിറ്റർ,​ 4-സിലിണ്ടർ,​ ഡീസൽ എൻജിന്റെ കരുത്ത് 150 എച്ച്.പി. 5-സ്പീഡ് മാനുവൽ,​ 6-സ്‌പീഡ് ഓട്ടോ ഗിയർ ബോക്‌സുകൾ കാണാം.

ഒട്ടേറെ ഫീച്ചറുകളാൽ സമ്പന്നമാണ് ലിമിറ്റഡ് എഡിഷൻ. 360 ഡിഗ്രി കാമറ,​ മൾട്ടി ടെറെയ്ൻ മോണിറ്റർ,​ ഹെഡ് അപ്പ് ഡിസ്‌പ്ളേ,​ വയർലെസ് ചാർജർ,​ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്‌റ്റം,​ ഡോർ എഡ്‌ജ് ലൈറ്റിംഗ്,​ എയർ‌ അയണൈസർ എന്നിവ അതിലുൾപ്പെടുന്നു.

വിശാലമാണ് അകത്തളം. 'കാമൽ ടാൻ സീറ്റുകൾ" ശ്രദ്ധേയം. 8-ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്‌പ്ളേ സ്‌ക്രീനും മികവാണ്. പെട്രോൾ പതിപ്പിന് ₹17.18 ലക്ഷം രൂപ മുതൽ 18.59 ലക്ഷം രൂപവരെയും ഡീസലിന് 18.99 ലക്ഷം രൂപ മുതൽ 20.35 ലക്ഷം രൂപവരെയുമാണ് എക്‌സ്‌ഷോറൂം വില.