shah

ജമ്മു: ജമ്മുവിലെ വികസനം തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനയിൽ കാശ്‌മീരിന് പ്രത്യേക പരിഗണന നൽകുന്ന 370ാം വകുപ്പ് നിരോധിച്ച ശേഷം ആദ്യമായി ജമ്മുവിലും കാശ്‌മീരിലും സന്ദർശനം നടത്തവെ ഐഐ‌ടി-ജമ്മുവിലെ പുതിയ ക്യാമ്പസ് ഉദ്‌ഘാടനം ചെയ്‌ത ശേഷം പ്രസംഗിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

'ജമ്മുവിൽ ഇനിയാർക്കും വിവേചനം നേരിടേണ്ടി വരില്ല. ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതോടെ ഇവിടുത്തെ വാൽമീകി സമാജത്തിനും പശ്ചിമ പാക് അഭയാർത്ഥികൾക്കുമുള‌ള പ്രശ്‌നങ്ങൾ അവസാനിച്ചു. മിനിമം വേതന നിയമം ജമ്മു കാശ്‌മീരിൽ മോദി സർക്കാർ നടപ്പാക്കി.' അമിത് ഷാ പറഞ്ഞു.

മുൻപ് കാശ്‌മീരിൽ ഏഴ് മെഡിക്കൽ കോളേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി മോദി സർക്കാർ ആരംഭിക്കാൻ നടപടിയെടുത്തെന്നും അമിത് ഷാ അറിയിച്ചു. കാശ്‌മീരിലെ ജനങ്ങൾക്ക് അവകാശപ്പെട്ട വികസനം ചിലർ തടയാൻ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും ഷാ പറഞ്ഞു.

താഴ്‌വരയുടെ വികസനത്തിനായി പ്രവർത്തിക്കണമെന്നും തീവ്രവാദത്തിന്റെ പിടിയിൽ നിന്നും മോചിതരാകാനും യുവജനങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടു. ഇതിനിടെ ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിനിടയിലും കാശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. പൂഞ്ചിൽ നടന്ന വെടിവയ്‌പ്പിൽ രണ്ട് പൊലീസുകാർക്കും ഒരു സൈനികനും പരിക്കേ‌റ്റിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയായി സംസ്ഥാനത്ത് നടന്ന ഏ‌റ്റുമുട്ടലുകളിൽ ഒൻപത് സൈനികർ വീരമൃത്യു വരിച്ചു.