aryan

മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് പാർട്ടി കേസിൽ വൻ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന്റെ സാക്ഷിയായ പ്രഭാകർ സെയിൽ. ആര്യന്റെ മോചനത്തിനായി എൻ.സി.ബി സോണൽ ഓഫീസർ സമീർ വാംഖടെ, കേസിൽ സാക്ഷിയായ കെ.പി ഗോസാവി എന്നിവർ ഗൂഢാലോചന നടത്തിയെന്നും 25 കോടി ആവശ്യപ്പെട്ടെങ്കിലും 18 കോടി നൽകിയെന്നുമാണ് പ്രഭാകർ വെളിപ്പെടുത്തിയത്.

ഇന്ന് പ്രഭാകർ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള‌ളത്. പിടിയിലായ ആര്യൻ ഖാനുമൊത്തുള‌ള ഗോസാവിയുടെ സെൽഫി പുറത്തുവന്നത് വാർത്തയായിരുന്നു. ഇയാളെ ഇപ്പോൾ കാണ്മാനില്ല. റെയ്‌ഡ് നടന്ന ദിവസം താൻ ഗോസാവിയെ അനുഗമിച്ചിരുന്നു. അറസ്‌റ്റിന് ശേഷം നടന്ന സംഭവങ്ങൾക്ക് താൻ ദൃക്‌സാക്ഷിയാണെന്നും സത്യവാങ്‌മൂലത്തിൽ പ്രഭാകർ പറയുന്നു.

എൻസി‌ബി ഓഫീസിന് സമീപം സാം എന്ന് പേരുള‌ള ഒരാളുമായി ഗോസാവി കൂടിക്കാഴ്‌ച നടത്തി. അയാളോടൊപ്പം ഒരു നീല നിറമുള‌ള കാറിനടുത്തേക്ക് അവർ പോയി. അതിൽ ഷാരൂഖിന്റെ മാനേജർ പൂജ ദദ്‌ലാനി ഇരിക്കുന്നത് കണ്ടതായും പ്രഭാകർ സെയിൽ വെളിപ്പെടുത്തുന്നു. ഇവർ തമ്മിലെ ചർച്ചയിൽ 25 കോടി രൂപ പ്രശ്‌നപരിഹാര ച‌ർച്ചയിൽ ആവശ്യപ്പെട്ടു. ഒടുവിൽ 18 കോടിയ്‌ക്ക് സമ്മതിച്ചു. ഇതിൽ എട്ട് കോടി രൂപ വാംഖടെയ്‌ക്ക് നേരിട്ട് നൽകുമെന്ന് പറഞ്ഞു. ബാക്കി പണം മറ്റുള‌ളവർക്ക് നൽകും.

പിറ്റേന്ന് ഗോസാവി 50 ലക്ഷം രൂപ കൊണ്ടുവരാൻ തന്നെ അയച്ചതായും എന്നാൽ പിന്നീട് 12 ലക്ഷം രൂപ കുറവ് കണ്ടതിനാൽ തിരികെ നൽകാൻ വീണ്ടും ട്രൈഡന്റ് ഹോട്ടലിലേക്ക് അയച്ചതായും പ്രഭാകർ പറയുന്നു. എന്നാൽ ഇതിനിടെ ഗോസാവിയെ കാണാതായി. ഇതോടെ വാംഖഡെയിൽ നിന്നും തന്റെ ജീവന് ഭീഷണിയുള‌ളതിനാലാണ് സത്യവാങ്‌മൂലം നൽകുന്നതെന്നും പ്രഭാകർ സെയിൽ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം സമീർ വാംഖഡെ തള‌ളി. ആരോപണം ഉന്നയിക്കുന്നവർക്കെല്ലാം പിന്നീട് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 20ന് ജാമ്യാപേക്ഷ തള‌ളിയതിനെ തുടർന്ന് ആര്യൻ ഖാൻ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഒക്‌ടോബർ രണ്ടിനാണ് ആര്യൻ ലഹരി പാർട്ടിക്കിടെ പിടിയിലായത്.