fffg

ബീജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്നത് ചൈനീസ് സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച രാജ്യത്തെ 13 പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നും അതിവേഗം മറ്റു പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടായിക്കൊണ്ടിരിക്കുകയുമാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ചൈനയിലെ വിമാനത്താവളങ്ങൾ അടിയന്തരമായി അടച്ചു പൂട്ടുകയും നൂറുകണക്കിന് വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തു. രാജ്യത്തെ സ്‌കൂളുകളും അടച്ചിട്ടുണ്ട്.

അതി തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് വ്യാപകമായി പടരുന്നത്. ഏറ്റവും കൂടുതൽ കെസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിയന്ത്രണം കടുപ്പിച്ചു. വിനോദ സഞ്ചാരികളിൽ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന സൂചനയെ തുടർന്ന് വിനോദ സഞ്ചാരത്തിന് നൽകിയ ഇളവ് റദ്ദാക്കി. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പലയിടങ്ങളിലും രോഗവ്യാപനം നിയന്ത്രിക്കാനാവുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ നിന്നും പുറത്തോട്ടുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.. താമസക്കാർ ആരും തന്നെ പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്നും പുറത്ത് പോയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് ഇതുവരെ തിരിച്ചെത്താൻ അനുമതി നൽകിയിട്ടില്ല. 2019ൽ ചൈനയിലെ തെക്കു കിഴക്കൻ പ്രവിശ്യയിലെ വുഹാനിലാണ് ലോകത്ത് വിനാശം വിതച്ച കൊവിഡ് മഹാമാരി ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.