ശ്രീനഗർ: ജമ്മുകാശ്‌മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം പുരോഗമിക്കുന്നതിനിടെ ഷോപ്പിയാൻ ജില്ലയിലെ സെയ്ൻപോരയിലുണ്ടായ ഏറ്റുമുട്ടലിൽ വഴിയോരത്ത് ആപ്പിൾ വില്ക്കുന്ന യുവാവ് വെടിയേറ്റ് മരിച്ചു. പ്രദേശവാസിയായ ഷഹീദ് അജാസാണ് (20) കൊല്ലപ്പെട്ടത്. രാവിലെ 10.30ഓടെയാണ് സംഭവം.
ഷോപ്പിയാനിലെ ബാബപ്പോരയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിനിടെയാണ് ഷഹീദിന് വെടിയേറ്റതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഷോപ്പിയാൻ ജില്ലാ പൊലീസ് ട്വീറ്റ് ചെയ്തു.
അതേസമയം, ഷഹീദിനെ സുരക്ഷാ സേനയുടെ ക്യാമ്പിൽ തടഞ്ഞ് നിറുത്തിയെന്നും തുടർന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായതായും നാട്ടുകാർ പറയുന്നു. സി.ആർ.പി.എഫ് വെടിവച്ചതിനെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷഹീദ് ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സി.ആർ.പി.എഫ് വെടിവച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സൈനികന് പരിക്കേറ്റു
അതിനിടെ, കാശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റു. ഒരു പാകിസ്ഥാനി ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പൂഞ്ചിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സേനയ്ക്ക് നേരെ ഭീകരർ വെടിവച്ചത്. നിയന്ത്രണരേഖയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഭട്ട ദുരിയൻ പ്രദേശത്ത് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു തെരച്ചിൽ. ഭീകരർക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ സഹായം നൽകുന്ന രണ്ട് സ്ത്രീകളടക്കം 10 പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 14 ദിവസമായി പൂഞ്ചിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ രണ്ട് ഒാഫീസർമാർ അടക്കം ഒമ്പത് സൈനികർ വീരമൃത്യു വരിച്ചു.