
കുട്ടനാട്: കാറിലെത്തിയ അക്രമിസംഘം ബാഗും പണവും തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ലോട്ടറി വിൽപ്പനക്കാരന് കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൈലാസം വീട്ടിൽ ഗോപകുമാറിനാണ് (50) പരിക്കേറ്റത്.
എടത്വാ കളങ്ങര റോഡിൽ ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു സംഭവം. കാൽനടയായി സഞ്ചരിക്കുന്നതിനിടെ അക്രമിസംഘം കാർ നിറുത്തി റോഡിൽ വെള്ളമുണ്ടോയെന്ന് ചോദിച്ചശേഷം മുന്നോട്ട് പോയി. പിന്നീട് തിരികെയെത്തി കളങ്ങര ജംഗ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. കളങ്ങര ജംഗ്ഷനിലെത്തിയപ്പോൾ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബാഗും പണവും പിടിച്ചുപറിക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ താഴെവീണ ഗോപകുമാറിന് തലയ്ക്കും കാലിനും മാരകമായി പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപെട്ടു. നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. എടത്വാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.