ചെന്നൈ: കാറിൽ നിന്ന് ബസിലേറി സഞ്ചരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ചെന്നൈയിലെ സിറ്റി ബസിലെ യാത്രക്കാർക്കാണ് മുഖ്യമന്ത്രിക്കൊപ്പം ബസിൽ യാത്ര ചെയ്യാനും സെൽഫി എടുക്കാനും ഭാഗ്യമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വെെറലായി.
ശനിയാഴ്ചയായിരുന്നു സംഭവം. മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ചില വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോകവെയാണ് സ്റ്റാലിൻ കണ്ണഗി നഗറിൽ നിന്ന് ബസിൽ കയറിയത്.
ഡി.എം.കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിക്കുകയും ബസിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തതായി സംസ്ഥാന സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാന സർക്കാർ പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വന്നുനിൽക്കുന്നതും. എം.കെ സ്റ്റാലിൻ റോഡ് മുറിച്ചുകടന്ന് മറുവശത്തുള്ള ബസിൽ കയറുന്നതും കാണാം.
അമ്പരന്നുപോയ യാത്രക്കാർ അദ്ദേഹത്തെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നതും ചില സ്ത്രീകൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവരിൽ ചിലരോട് അദ്ദേഹം സംസാരിക്കുന്നതും കാണാം.