കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ള അനധികൃത പാറമട, ക്രഷർ യൂണിറ്റുകളുമായി ചില ഉന്നത ഉദ്യോഗസ്ഥ-രാഷ്ടീയ-സമുദായ നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമായി. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ പാറമട ലോബിയുമായുള്ള ബന്ധത്തെച്ചൊല്ലി മുൻ എം.എൽ.എ പി.സി.ജോർജും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും തമ്മിലുള്ള ഏറ്റുമുട്ടൽ വിവാദമായിരിക്കെയാണ് ഈ ആക്ഷേപവും ഉയരുന്നത്. ഉരുൾപൊട്ടൽ നാശംവിതച്ച കോട്ടയത്തെ മലയോര മേഖലയിലെ പാറമടയുമായി ഒരു മുൻമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമുണ്ട്.
ടോറസ് ലോറികൾക്ക് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം നൽകുന്നുവെന്ന ആക്ഷേപവും ശക്തമാണ്. നികുതി കൃത്യമായി പിരിക്കാതെ കുറഞ്ഞ തുക കോമ്പൗണ്ട് ടാക്സ് ഈടാക്കി ചില ഉദ്യോഗസ്ഥർ പാറമട, ക്രഷർ യൂണിറ്റുകളെ സഹായിക്കുന്നു. ലക്ഷങ്ങൾ വാങ്ങി, അടച്ചു പൂട്ടിയ പാറമടകൾ തുറക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്ന കോട്ടയത്തെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് ശ്രമിച്ചിട്ടും കഴിഞ്ഞില്ല. മന്ത്രി ഇടപെട്ടിട്ടും സ്ഥലംമാറ്റാനും സാധിച്ചില്ല. അത്രയ്ക്കാണ് ഇദ്ദേഹത്തിനുള്ള ഉന്നതതല പിടിപാട്.