theatres

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സിനിമാ തിയേറ്ററുകൾ അടച്ചിട്ടപ്പോൾ നികുതിയിനത്തിൽ സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്ഥാനപനങ്ങൾക്കുണ്ടായത് 1.7 കോടിയുടെ വരുമാന നഷ്ടം. കൊവിഡ് പ്രതിസന്ധിയിൽ രണ്ട് തവണയായി 16 മാസമാണ് തിയേറ്ററുകൾ അടഞ്ഞുകിടന്നത്. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ 10 മാസവും രണ്ടാം തരംഗത്തിൽ ആറ് മാസവും അടഞ്ഞു കിടന്നു. ഇതിന്റെ ഇടവേളയിൽ മൂന്ന് മാസത്തോളം തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു.

കോർപ്പറേഷന് നഷ്ടം 78 ലക്ഷം

സംസ്ഥാനത്തെ ഏറ്റവും വലിയ കോർപ്പറേഷനുകളിലൊന്നായ തിരുവനന്തപുരത്തിന് വിനോദനികുതിയിനത്തിൽ കഴിഞ്ഞ ഒരു വർഷം നഷ്ടമായത് 78.54 ലക്ഷമാണ്. വർക്കല നഗരസഭയ്‌ക്ക് 73 ലക്ഷത്തിന്റെ നഷ്ടവും ഉണ്ടായി. അതേസമയം,​ വിനോദ നികുതി ഇനത്തിൽ കോർപ്പറേഷനുണ്ടായ നഷ്ടം തിയേറ്ററുകളിൽ നിന്ന് കോർപ്പറേഷന് ലഭിക്കുന്ന ശരാശരി വരുമാനെത്തക്കാൾ കുറവാണെന്നതാണ് വസ്തുത. ശരാശരി അഞ്ച് മുതൽ ഏഴ് കോടി വരെയാണ് പ്രതിവർഷം കോർപ്പറേഷന് വിനോദ നികുതിയായി ലഭിക്കുന്നത്. 2014-15ൽ വിനോദ നികുതി ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 5.09 കോടി രൂപയായിരുന്നു. 2015-16ൽ 7.63 കോടിയും ​ 2016-17ൽ 8.54 കോടിയും വിനോദ നികുതിയായി ലഭിച്ചിരുന്നു. 2017-18ലെ ബഡ്‌‌ജറ്റിൽ വിനോദ നികുതിയായി 10.5 കോടി പിരിച്ചെടുക്കാൻ ധനകാര്യ സ്‌‌റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ചരക്ക് സേവന നികുതി (ജി.എസ്.ടി)​ നിലവിൽ വന്നതോടെ ലക്ഷ്യം കൈവരിക്കാനാകാതെ പോയി.

ജി.എസ്.ടി വരുന്നതിന് മുമ്പ് വരെ,​ നഗരത്തിലെ 25 തിയേറ്ററുകളിൽ നിന്ന് കോർപ്പറേഷൻ വിനോദ നികുതി പിരിച്ചു. ഇവയിൽ 20 എണ്ണത്തിലും 101 രൂപയുടെ ടിക്കറ്റായിരുന്നു. ഇവയിൽ നിന്ന് ഏറ്റവും കുറഞ്ഞ തുകയായ 24 രൂപയാണ് നികുതിയായി കോർപ്പറേഷൻ ഈടാക്കിയത്. ടിക്കറ്റ് തുകയിൽ 78.4 രൂപ ഭരണപരമായ തുകയായും 19.6 രൂപ വിനോദ നികുതിയായും പിരിച്ചെടുത്തു. ശേഷിച്ച രണ്ട് രൂപ സേവന നികുതി (സർവീസ് ടാക്‌സ്)​,​ മൂന്ന് രൂപ സാംസ്‌കാരിക നികുതി എന്ന തരത്തിലും പിരിച്ചു. മുമ്പ് സ്ളാബ് വ്യവസ്ഥയില്ലാതെ എല്ലാ തിയേറ്ററുകളിൽ നിന്നും 25 ശതമാനം വിനോദ നികുതി ഈടാക്കിയിരുന്നു.

2017 ജൂലായ് മുതൽ വിനോദ നികുതി പിരിക്കുന്നത് സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നെങ്കിലും 2019ൽ നഗരത്തിലെ തിയേറ്ററുകളിൽ നിന്ന് വിനോദ നികുതി പിരിക്കുന്നത് കോർപ്പറേഷൻ തുടർന്നു. നഗരത്തിലെ തിയേറ്ററുകളിലെ 39 സ്ക്രീനുകളുണ്ടെന്നും അതിനാൽ തന്നെ ജി.എസ്.ടിക്ക് ആനുപാതികമായ വിനോദ നികുതി നൽകണമെന്നും ചൂണ്ടിക്കാട്ടി തിയേറ്ററുകൾക്ക് റവന്യൂ വിഭാഗം കത്ത് നൽകുകയും ചെയ്തു. വിനോദ നികുതി റദ്ദക്കിയത് മൂലം തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 2019 ജൂണിൽ 10 ശതമാനം വിനോദ നികുതി ചുമത്താൻ സർക്കാർ അനുമതി നൽകി. ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിന്റെ ചുവട് പിടിച്ചായിരുന്നു ഇത്. സെപ്തംബറിൽ ഈ ഉത്തരവ് സർക്കാർ പരിഷ്‌കരിക്കുകയും 100 രൂപയ്‌ക്ക് താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ച് ശതമാനം ലെവി ചുമത്താനും 100 രൂപയ്‌ക്ക് മുകളിൽ ടിക്കറ്റ് നിരക്കുള്ള തിയേറ്ററുകൾക്ക് 8.5 ശതമാനം വിനോദ നികുതി ചുമത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. കൊവിഡിനെ തുടർന്ന് തിയേറ്ററുകൾ അടയ്ക്കുന്നത് വരെ ഈ നികുതി കോർപ്പറേഷൻ ഈടാക്കിയിരുന്നു.