gg

വർക്കല: ജില്ലയിലെ പ്രധാന വിനോദസഞ്ചാരമേഖലയായ വർക്കല പാപനാശത്ത് തെരുവ് വിളക്കുകൾ കത്താത്തത് സഞ്ചാരികളെയും പൊതുജനങ്ങളെയും ഒരുപോലെ വലയ്ക്കുന്നു. ഹെലിപ്പാഡ് ഉൾപ്പെടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ വഴിവിളക്കുകളാണ് മിഴിയടച്ചത്. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവർ സന്ധ്യാസമയം ചെലവഴിക്കുന്നത് കൂടുതലും ഈ മേഖലയിലാണ്. ഇവിടത്തെ അലങ്കാര വിളക്കുകൾ ഉൾപ്പെടെ തകരാറിലായിട്ട് മാസങ്ങളായി. ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും നഗരസഭ, കെ.എസ്.ഇ.ബി എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

ടൂറിസം വകുപ്പാകട്ടെ ഇക്കാര്യത്തിൽ പുറംതിരിഞ്ഞുനിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇരുട്ടിന്റെ മറവിൽ വിദേശവനിതകൾ അടക്കമുള്ള സഞ്ചാരികളെ അപമാനിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും നടപടി മാത്രം ഇനിയും അകലെയാണ്. ഹെലിപ്പാഡിന് ചുറ്റമുള്ള പ്രദേശങ്ങളിലാണ് വർക്കലയിലെ പ്രധാനപ്പെട്ട റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നത്. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി ഇടറോഡുകളുമുണ്ട്. ഇവിടെയെല്ലാം വൈദ്യുതിയിലും സൗരോർജത്തിലും പ്രവർത്തിക്കുന്ന നിരവധി വിളക്കുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കത്തുന്നത് ചിലതുമാത്രമാണ്. ഹെലിപ്പാഡിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു.

സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നു

ക്ലിഫിനരികിൽ വടക്കോട്ട് നീങ്ങുന്ന നടപ്പാത മുതൽ തിരുവമ്പാടി ബീച്ചും ഇടറോഡുകളും സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാകും. ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ് പലപ്പോഴും വിദേശികളെ അപമാനിക്കാൻ ശ്രമിക്കുന്നതും പതിവാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ബീച്ച് പരിസരം ഒളിത്താവളമാക്കുന്നതായും പരാതിയുണ്ട്. അടുത്തിടെ ക്ലിഫിൽ ഏതാനും കടകളിൽ മോഷണവും നടന്നിരുന്നു. രാത്രി ബൈക്കുകളുമായി അഭ്യാസത്തിന് ഇറങ്ങുന്ന സംഘവും സഞ്ചാരികൾക്ക് ഭീഷണിയാകുന്നുണ്ട്. രണ്ടാഴ്ച മുമ്പ് വാഹന അഭ്യാസം നടത്തിയ ജീപ്പ് തലകീഴായി മറിഞ് യുവാവിന് പരിക്കേറ്റിരുന്നു.

സുരക്ഷ പാളുന്നു

പാപനാശം ടൂറിസം മേഖലയിൽ സുരക്ഷാ ഡ്യൂട്ടിക്കായി നാമമാത്രമായ പൊലീസുകാരാണ് നിലവിലുള്ളത്. കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന ആഭ്യന്തരവകുപ്പിന്റെ കാലാകാലങ്ങളായുള്ള പ്രഖ്യാപനങ്ങൾ ഇനിയും പ്രാവർത്തികമായില്ല. ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിലും ടൂറിസം ഡിപ്പാർട്ട്മെന്റ് കടുത്ത അലംഭാവമാണ് കാട്ടുന്നത്. ഇടക്കാലത്ത് വർക്കല സന്ദർശിച്ച ടൂറിസം മന്ത്രിയോട് സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതടക്കം ടൂറിസം മേഖലയിലെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.