തൊണ്ണൂറുകളുടെ അവസാനം. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കുട്ടനാട് കോളേജ് ഓഫ് എൻജിനീയറിംഗിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ പുളിങ്കുന്നിൽ നിർവഹിക്കുമ്പോൾ അദ്ധ്യക്ഷ പ്രാസംഗികനായ സ്ഥലം എം.എൽ.എ ഡോ.കെ.സി.ജോസഫ് കോളേജിൽ ആദ്യമായി പ്രവേശനം നേടിയവരിലെ ഉത്തരേന്ത്യക്കാരായ വിദ്യാർത്ഥികളെ നോക്കി പറഞ്ഞു." നിങ്ങൾ ഇപ്പോൾ ഇവിടേക്കു വരാൻ ജലാശയങ്ങളെ ആശ്രയിക്കേണ്ടി വന്നെങ്കിൽ കോഴ്സ് പൂർത്തിയാക്കി പോകും മുമ്പു തന്നെ കരമാർഗം ഇവിടെനിന്ന് മടങ്ങാനുള്ള വഴിയുണ്ടാകും." അന്ന് വള്ളത്തിലോ ബോട്ടിലോ ജങ്കാറിലോ ഒക്കെ വേണമായിരുന്നു പുളിങ്കുന്നിലെത്താൻ. കായലും തോടും നീർച്ചാലുകളും നിറഞ്ഞ നാട്ടിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് അതൊരു കൗതുകമായിരുന്നു. ജലപ്രദേശം നികത്തിയുണ്ടാക്കിയ കോളേജും അവിടെയെത്താനായി പിന്നീട് പണിത പാലവും അനിവാര്യമായ വികസനമായിരുന്നുവെന്നു പറയാം. അത് ആവശ്യമായിരുന്നു. കുട്ടനാട്ടിൽ കഴിഞ്ഞ കാലത്തുണ്ടായ വികസനപ്രവർത്തനങ്ങളുടെ ഒരു ഉദാഹരണമായി ഇത് ചൂണ്ടിക്കാട്ടിയെന്നു മാത്രം.
99ലെ ( 1924 ) വെള്ളപ്പൊക്കത്തിന്റെ ഭീകരത തകഴി ' വെള്ളപ്പൊക്കത്തിൽ ' എന്ന കഥയിലൂടെ വരച്ചുകാട്ടിയിരുന്നു. എന്നാൽ 2018 ലെ പ്രളയം കുട്ടനാട്ടുകാരിൽ പൊതുവെ ഒരു ഭീതിജനിപ്പിച്ചു. അതുവരെ വെള്ളം കയറാതിരുന്നയിടങ്ങളിലും കണക്കില്ലാതെ വെള്ളമെത്തി. മുമ്പൊക്കെ കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പതിവുകാഴ്ചയായിരുന്നു. എന്നാൽ അന്നൊന്നുമില്ലാത്തവിധം, ജലവിതാനം ഉയർന്നപ്പോൾ കുട്ടനാടിന്റെ ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ താമസം തന്നെ മാറിപ്പോകാൻ തുടങ്ങിയിരിക്കുന്നു. കുടിക്കാൻ നല്ലവെള്ളമില്ലെന്നതും പ്രശ്നമാണ്.
ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വികസനം ഏത് നാടിനും ആവശ്യമാണ്. എന്നാൽ സമ്പന്നമായ ജലാശയങ്ങളെ അശാസ്ത്രീയമായി കീറിമുറിക്കുകയും നികത്തുകയും ചെയ്ത് ജലത്തിന്റെ സുഗമമായ ഒഴുക്കിനെ തടഞ്ഞപ്പോൾ സർവംസഹയായ പ്രകൃതി രൗദ്രഭാവം പൂണ്ടു. സമുദ്രനിരപ്പിൽ നിന്നു താണുനിൽക്കുന്ന കുട്ടനാടിന് ആ ക്ഷോഭത്തെ തടയാനുള്ള ശേഷി ഇന്നില്ലാതായിരിക്കുന്നു
കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രമുഖ ആർക്കിടെക്‌ട് ശങ്കർ പറയുന്നത് കേൾക്കുക. " കുട്ടനാട്ടിലെ കൃഷിഭൂമിയും ജനവാസ പ്രദേശങ്ങളും കൃത്യമായി വേർതിരിച്ച് കാണേണ്ടതുണ്ട്. ചെളികലർന്ന ദുർബലമായ ഭൂമിയിൽ അശാസ്ത്രീയ നിർമ്മാണം കൂടിവന്നപ്പോൾ കെട്ടിടങ്ങളുടെയെല്ലാം അടിസ്ഥാനത്തിന് ബലശോഷണം വന്ന് ഒന്നുകിൽ താഴുകയോ അല്ലെങ്കിൽ ചരിയുകയോ ചെയ്തു. ഭിത്തിയിൽ വിള്ളലുകൾ വീണു. അത്തരം കെട്ടിടങ്ങളുടെ നീണ്ടനിരതന്നെ കുട്ടനാട്ടിൽ കാണാം. പണ്ട് കാർഷിക വ്യവസ്ഥയുടെ ഭാഗമായി ജലം ഒഴുകുന്നതിന് പ്രകൃതിദത്തമായി ഉണ്ടായിരുന്ന മാർഗങ്ങളെല്ലാം പാടേ തകർന്നു. പണ്ട് വെള്ളത്തിലൂടെ മാത്രം പോകേണ്ടിയിരുന്ന ഇടങ്ങളിലൊക്കെ വന്ന റോഡുകളും നിർമ്മാണങ്ങളും ജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി. (കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെതിരെ റോഡുകൾ ഏറെയും തെക്ക് വടക്കായിട്ടാണ് വന്നത് ). ഇതിനു പരിഹാരം കുട്ടനാടിനു പറ്റിയ നിർമ്മാണരീതി ഉണ്ടാകണമെന്നതാണ്. വെള്ളത്തിന്റെ വിതാനത്തിന് ഉയരെ നില്‌ക്കുന്ന നിർമ്മാണരീതിയിലേക്കു പോകണം "
2018 ൽ പ്രളയം ഉണ്ടായപ്പോൾ വില്ലേജ് ഓഫീസുകളടക്കം പല പബ്ളിക് ഓഫീസുകളും മുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് എടത്വ, രാമങ്കരി, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ കുട്ടനാടിനു പറ്റിയ രീതിയിൽ ശങ്കർ പുനർനിർമ്മിച്ചത്. തറനിരപ്പിൽ നിന്ന് എട്ടൊമ്പതടി പൊക്കത്തിൽ നിർമ്മിച്ചിട്ടും കഴിഞ്ഞയാഴ്ചയുണ്ടായ കനത്തമഴയിൽ വെള്ളം പൊങ്ങിയപ്പോൾ ഇവയുടെ പടിക്കെട്ടുവരെ വെള്ളമെത്തി. തൂണുകളിൽ നിൽക്കുന്ന കെട്ടിടങ്ങൾ മാത്രമെ ഇനി കുട്ടനാടിൽ നിർമ്മിക്കാവൂ. അമ്പലപ്പുഴയിൽ ഈയിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശങ്കർ നിർമ്മിച്ച 45 ഓളം വീടുകൾ ഇതിന് ഉദാഹരണമാണ്. " ഭൂവിനിയോഗം കൃത്യമായി അടയാളപ്പെടുത്തണം. വെള്ളം ഉയരുന്ന സ്ഥലങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി അത്തരം പ്രദേശങ്ങളിൽ നിർമ്മാണങ്ങൾ ഇനി ഒഴിവാക്കണം. കുട്ടനാടിന്റെ കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്താൻ കുട്ടനാട് ഡെവലപ്പ്മെന്റ് അതോറിട്ടി രൂപീകരിക്കണമെന്നും " ശങ്കർ ആവശ്യപ്പെടുന്നു.
പമ്പാനദിയിലെയും ,മണിമലയാറ്റിലെയും ,അച്ചൻകോവിലാറ്റിലെയുമൊക്കെ വെള്ളം വേമ്പനാട്ട് കായലിലൂടെ ഒഴുകി തോട്ടപ്പള്ളി സ്പിൽവേയ്ക്കടുത്ത് വീയപുരത്ത് സംഗമിച്ചാണ് ലീഡിംഗ് ചാനലിലൂടെ, സ്പിൽവേയിലെത്തി കടലിൽ പതിക്കുന്നത്. എന്നാൽ ഈ ലീഡിംഗ് ചാനലിൽ എക്കലടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. അത് വെള്ളമുയരാൻ ഒരു കാരണമായിരുന്നു. പണ്ട് കൃഷികഴിഞ്ഞാലുടൻ ആറുകളുടെയും തോടുകളുടെയും ആഴംകൂട്ടുന്നത് പതിവായിരുന്നു. കട്ടകുത്തുകയെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
തിരുവിതാംകൂറിൽ പട്ടിണിയായപ്പോൾ രാജാവ് കർഷക മുതലാളിയായ മുരിക്കനോട് പറഞ്ഞ് റാണി, ചിത്തിര, മാർത്താണ്ഡം തുടങ്ങിയ കായലുകൾ ഏക്കറു കണക്കിനു നികത്തി കൃഷിചെയ്തത് ഒക്കെ പഴയകഥ. പക്ഷേ അന്നും പ്രകൃതിയുടെ താളം തെറ്റാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു. അന്ന് നദിയിൽ നിന്നൊക്കെ വെള്ളം നേരിട്ട് കോരിക്കുടിക്കാനാകുമായിരുന്നു. ഇന്ന് നദികളെല്ലാം മലിനമാണ്. ഹൗസ്ബോട്ടുകളിൽ നിന്ന് തള്ളുന്ന മാലിന്യങ്ങളാൽ നദിയും കായലുമൊക്കെ മലീമസപ്പെട്ടു. ഇറ്റലിയിലെ വെനീസിൽ ജലത്തിൽ മനുഷ്യൻ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാൻ മാർഗങ്ങളുണ്ടെങ്കിൽ കിഴക്കിന്റെ വെനീസിൽ ഇന്നും അതിനുള്ള സംവിധാനങ്ങളില്ല. അതുപോലെ പാടം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം കർഷകന്റെ ചുമലിൽ മാത്രമായിരിക്കുന്നു. കുട്ടനാടിന്റെ രണ്ടാം പാക്കേജിൽ എത്തുമ്പോഴും അതിന്റെ പ്രയോജനം സാർവത്രികമാകുന്നില്ല.
കുട്ടനാട് കേരളത്തിന്റെ നെല്ലറ മാത്രമല്ല, കാർഷികസംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. കൃഷിപോലെ കലയുടെയും സാഹിത്യത്തിന്റെയും വിളഭൂമിയാണ്. ഇന്നും മനസിൽ തത്തിക്കളിക്കുന്ന പാട്ടിലെ വരികളിൽ നമ്മുടെ ഗൃഹാതുര സ്മരണയില്ലേ..
" കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവ വേണം..."