prithviraj

മഴക്കെടുതിയിൽ തെക്ക്-മദ്ധ്യ കേരള ജില്ലകളിൽ വ്യാപക നഷ്‌ടമുണ്ടായതും വീണ്ടും അതിശക്തമായ മഴ സാദ്ധ്യത കാണുന്നതുകൊണ്ടും മുല്ലപ്പെരിയാർ വീണ്ടും കേരളത്തിന് ആശങ്കയാകുന്ന സമയമാണിത്. 126 വർഷം പഴക്കമുള‌ള ഡാമിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ ഒന്നാമത് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഈ സമയം ജനജീവിതത്തിന് ഭീഷണിയാകുന്ന ഡാമിനെ ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പെയിൻ തുടങ്ങി.

ആശങ്കയുയർത്തുന്ന മുല്ലപ്പെരിയാർ പ്രശ്‌നത്തിനൊപ്പം ചേർന്ന് ഡീകമ്മീഷൻ മുല്ലപ്പെരിയാർ ഡാം ക്യാമ്പെയിന്റെ ഭാഗമായിരിക്കുകയാണ് നടൻ പൃഥ്വിരാജും. 'വസ്‌തുതകളും കണ്ടെത്തലുകളും എന്തുതന്നെയായാലും 125 വർഷം പഴക്കമുള‌ള ഈ അണക്കെട്ട് സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ഒഴിവുകഴിവുമില്ല. രാഷ്‌ട്രീയവും സാമ്പത്തികവും മാ‌റ്റിവച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്.' പ്രിഥ്വി ഫേസ്‌ബുക്കിൽ കുറിക്കുന്നു.

1895ൽ തിരുവിതാംകൂർ രാജാവായിരുന്ന മൂലംതിരുനാളിന്റെ കാലത്ത് പെരിയാറിന് കുറുകെ പണികഴിപ്പിച്ചതാണ് മുല്ലപ്പെരിയാർ ഡാം. 50 വർഷത്തെ ആയുസാണ് ഡാമിന് ഉദ്ദേശിച്ചിരുന്നത്. തമിഴ്‌നാട്ടിലെ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി എന്നിവിടങ്ങളിലേക്ക് ജലസേചനത്തിനാണ് ഇത് നിർമ്മിച്ചത്. എന്നാൽ പിന്നീട് കേരളവും തമിഴ്‌നാടും തമ്മിൽ തർക്കവിഷയമായതോടെ ഡാം കേരളത്തിലെ ജനങ്ങൾക്ക് ആശങ്കയായി മാറിയിരിക്കുകയാണ്.