ഇന്ത്യയിൽ നിന്നും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കാര്യമായി വർദ്ധിക്കുകയാണെന്നാണ് റിസർവ് ബാങ്കിന്റെയും വിദേശമന്ത്രാലയത്തിന്റെയും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.
വിദേശത്ത് പഠിതാക്കളായി എത്തുന്നവരുടെ കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഒരു പഠന റിപ്പോർട്ടനുസരിച്ച് വിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2016 ൽ 4,40,000 ആയിരുന്നു ; 2019ൽ അത് 7,70,000 ആയി.
മൂന്ന് വർഷത്തിനിടയിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ വർദ്ധനയുടെ ആറിരട്ടിയാണ് വിദേശസ്ഥാപനങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധന. 2024 ആകുമ്പോഴേക്കും വിദേശപഠനം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 18 ലക്ഷമായി ഉയരുമെന്ന നിഗമനവും റിപ്പോർട്ടിലുണ്ട്. വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാർ ചെലവഴിച്ചു കൊണ്ടിരിക്കുന്ന 2800 കോടി ഡോളർ 2024 ൽ 8000 കോടി ഡോളറായേക്കാമെന്ന പ്രവചനവുമുണ്ട്.
മൂന്ന് വർഷം മുൻപ് വരെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനം അമേരിക്ക ആയിരുന്നു; ഇപ്പോൾ ആ സ്ഥാനം കാനഡ കരസ്ഥമാക്കുമെന്ന നിലയാണ്. ഈ രാജ്യങ്ങൾക്ക് പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജർമനി എന്നിവയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ട ഇടങ്ങൾ. ഇന്ത്യയ്ക്കകത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്നവരിൽ 84ശതമാനം പേർ പൊതുവിഷയങ്ങളും 16 ശതമാനം സ്പെഷ്യലൈസ്ഡ് വിഷയങ്ങളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ 70 ശതമാനവും തിരഞ്ഞെടുക്കുന്നത് സ്പെഷ്യലൈസ്ഡ് വിഷയങ്ങളാണ്.
വിദേശത്തേക്കുള്ള വിദ്യാർത്ഥി ഒഴുക്കിന്റെ കാരണങ്ങളും അന്വേഷണ വിധേയമായിട്ടുണ്ട്. അടുത്തകാലത്തായി ഇംഗ്ലണ്ട്, കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ കൂടുതൽ വിദ്യാർത്ഥികൾ കടന്നുവരാൻ പാകത്തിൽ വിസാചട്ടങ്ങളും നിബന്ധനകളും ലഘൂകരിച്ചിരുന്നു. സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും അവർ ഉദാരമതികളായി. വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ അടക്കമുള്ള ജീവിതനിലവാര സൗകര്യങ്ങൾ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചെന്നാണ് സർവേകൾ വെളിപ്പെടുത്തുന്നത്. പുറംനാട്ടിലെ വിദ്യാഭ്യാസത്തിന്റെ ഉയർന്ന ചെലവ് വഹിക്കാൻ പാകത്തിൽ നല്ലൊരു ശതമാനത്തിന്റെ വരുമാനം ഉയർന്നതും മെച്ചപ്പെട്ട വിദ്യാഭ്യാസം തേടുന്നവർക്ക് കരുത്തേകി. രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ രാജ്യത്തെ മദ്ധ്യവർഗത്തിനുണ്ടായത് കാര്യമായ വരുമാന വർദ്ധനയായിരുന്നു. വിദേശത്തേക്കുള്ള വിദ്യാർത്ഥി ഒഴുക്കിന്റെ ഭൂരിഭാഗവും സംഭവിച്ചത് ഇന്ത്യയിലെ സമ്പന്നസംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായിരുന്നു.
വിദേശ വിദ്യാഭ്യാസത്തിനുള്ള വായ്പകളും മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കുന്ന ഏജൻസികളുടെ പ്രവർത്തനങ്ങളും ഈ ഒഴുക്കിനെ സഹായിച്ച ഘടകമാണ്. എങ്കിലും ഏറ്റവും പ്രധാനപ്പെട്ട പ്രചോദനം ആ രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഉയർന്ന ഗുണനിലവാരവും അതിന്റെ ഫലപ്രാപ്തിയും തന്നെയാണ്. വൈദഗ്ദ്ധ്യം, കാഴ്ചപ്പാട് എന്നിവയൊക്കെ ഉയർത്തപ്പെടുന്ന പഠനക്രമമാണ് മികച്ച വിദ്യാഭ്യാസം. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേരീതി പിന്തുടരുന്നതായി എഴുതിവയ്ക്കുന്നുണ്ടെങ്കിലും ഈ തത്വത്തിന്റെ പ്രയോഗത്തിൽ നമ്മുടെ മിക്കസ്ഥാപനങ്ങളും വളരെ പിന്നിലാണെന്നതാണ് വസ്തുത. സ്വദേശത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഇത്തരം വിടവുകൾ അന്യരാജ്യ സ്ഥാപനങ്ങളുടെ ആകർഷണീയത ഉയർത്തുന്നു. പുറംനാട്ടിലെ പഠനശേഷം സ്വന്തം നാട്ടിലോ വിദേശത്തോ ജോലി ലഭിക്കാനുള്ള സാദ്ധ്യത ഏറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഗുണമേന്മയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും പിന്നാക്കം പോയതിന് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സർവകലാശാലകളുടെ താങ്ങാൻ പറ്റാത്ത അഫിലിയേഷൻ ഭാരം തന്നെയാണ്. ആന്ധ്ര യൂണിവേഴ്സിറ്റിയിൽ 405 കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത് ; ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ 400, ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ 390 എന്നിങ്ങനെ പോകുന്നു കോളേജുകളുടെ എണ്ണം. മേൽനോട്ടം നിർവഹിക്കേണ്ട കലാശാലകളുടെ എണ്ണം കൂടുന്നത് കോളേജുകളുടെ നിലവാരത്തകർച്ചക്ക് ഇടയാക്കുമെന്ന് മാത്രമല്ല സർവകലാശാലകളുടെ സ്വന്തം പഠനഗവേഷണ വിഭാഗങ്ങളെ നേരായവഴിയിലൂടെ നയിക്കുന്നതിനും വിലങ്ങുതടിയാണ്. 1986ലെ ദേശീയവിദ്യാഭ്യാസ നയരേഖയിൽ അഫിലിയേഷൻ ഭാരം ലഘൂകരിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. 2003ൽ അന്നത്തെ യു.ജി.സി ചെയർമാൻ ആസൂത്രണ കമ്മിഷന് നൽകിയ നോട്ടിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ , 2020ലെ വിദ്യാഭ്യാസ നയരേഖ, 15 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അഫിലിയേഷൻ സമ്പ്രദായം നിറുത്തണമെന്നും, പകരം, സ്വയംഭരണ കോളേജുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നു. എന്നാൽ ഓട്ടോണമസ് കോളേജുകൾ എന്ന ആശയത്തോട് എതിർപ്പുകളുണ്ടാകുന്ന സാഹചര്യത്തിൽ ഒരു സർവകലാശാലയോട് അഫിലിയേറ്റ് ചെയ്യാവുന്ന കോളേജുകളുടെ എണ്ണം അമ്പതോ മറ്റോ ആയി പരിമിതപ്പെടുത്താം; നല്ല ലക്ഷ്യത്തിനായി കൂടുതൽ സർവകലാശാലകൾ സ്ഥാപിക്കുന്നത് നാടിന് ഗുണകരമാകും.