സലാം. അബ്ദുൽ സലാം. ലാൽ സലാം. അങ്ങനെ സലാമുകൾ അനവധി. ഒന്നും രണ്ടും സലാമുകൾ നാമം. ലളിതം. സർവസാധാരണം. മൂന്നാം സലാം രാഷ്ട്രീയം. ഈ എല്ലാ സലാമുകളെയും വെട്ടുന്നതാണ് 'സല്യൂട്ട് ." അതുമ്മുണി കടുപ്പമാണ്. പൊലീസിനും പട്ടാളത്തിനുമേ ചേരൂ. അവർ 'സല്യൂട്ട് " വാങ്ങും. കൊടുക്കും. ഓമനപ്പേര് 'കോംപ്ളിമെന്റ്." ആദരപ്രകടനം എന്ന് സ്റ്റൈലൻ മലയാളം. ഇന്നിപ്പോ സംഗതിയാകെ മാറുന്നു. സല്യൂട്ട് മേയർക്കു വേണം. നഗരനാഥനല്ലേ. എം.പിക്കു വേണം. പാർലമെന്റ് അംഗമല്ലേ. എങ്കിൽപ്പിന്നെ എം.എൽ.എയ്ക്കും വേണ്ടേ, വേണം.
രസമുള്ള ഒരു കാര്യം. ചിന്തിച്ചാൽ ചിരിവരും. കേരളത്തിലല്ല. വടക്കേ ഇന്ത്യയിൽ. എം.പിമാർ കുറ്റം ചാർത്തപ്പെടുന്നു. അല്ലറ ചില്ലറ കുറ്റമല്ല. ജാമ്യം കിട്ടാത്ത കിടിലം കുറ്റം. അപ്പോ കേസാകുന്നു. ആ എം.പിയെ അറസ്റ്റ് ചെയ്യണം. അങ്ങനെയിങ്ങനെ... അതു പറ്റില്ല. ചില നടപടിക്രമങ്ങളുണ്ട്. എങ്കിലും പിടികൂടിയാലെ പറ്റൂ. പൊലീസിന്റെ ജോലിയാണ്. അതുകൊണ്ട് മടിക്കില്ല. അപ്പോഴും ആ എം.പിക്കു സല്യൂട്ട് അടിക്കണം!
സല്യൂട്ട് ആവശ്യപ്പെട്ട നമ്മുടെ എം.പി ഒന്നാം തരം നടൻ. നന്മ നിറഞ്ഞവൻ. സൽസ്വഭാവി. നല്ല നീളം. നല്ല തലയെടുപ്പ്. മികച്ച ആണത്വം. അണിയിച്ചൊരുക്കി നിറുത്തണം. ഏവനും ജോർ, ജോർ വിളിച്ചുപോകും. എന്റെ ഒരനുഭവം. ഞാൻ ഭരണപ്രാഗത്ഭ്യം തികഞ്ഞ ഒരു ധനകാര്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലം. എന്റെ ഓഫീസ് മുറിയിൽ ഇന്നത്തെ ആ എം.പി വന്നു. മുഖ്യമന്ത്രിയെ കാണാൻ. അദ്ദേഹത്തെ ക്ഷണിച്ചിരുത്തി ഞാൻ. അന്നദ്ദേഹം എം.പി അല്ല. മന്ത്രി ഒരു മീറ്റിംഗിലായിരുന്നു. അദ്ദേഹത്തെ ഞാൻ വിവരം അറിയിച്ചു. പത്തുമിനിട്ടോളം തമ്മിൽ സംസാരം. എത്ര ശാന്തമായി. പ്രസക്തമായി. വിവരങ്ങൾ അന്വേഷിച്ചു. എല്ലാം ഗ്രഹിക്കാനുള്ള ഒരാവേശം. ഞാനതു നന്നേ ഉൾക്കൊണ്ടു. മന്ത്രിയെ കാണാൻ സൗകര്യമായി. ഞാനദ്ദേഹത്തെ മന്ത്രിയുടെ അടുത്തെത്തിച്ചു. ഏതാണ്ട് പതിനഞ്ച് മിനിട്ട്. അദ്ദേഹം മടങ്ങിവന്നു. എന്നോട് യാത്ര പറയാൻ മാത്രം. ഞാൻ എഴുന്നേറ്റു. ലിഫ്റ്റിന്റെ അടുത്തുവരെ ചെന്നു. യാത്രയാക്കി.
എത്ര നല്ല ശാന്തസൗകുമാര്യം. പക്ഷേ പൊലീസ് വേഷം. അതങ്ങു കേറിയാൽ പിന്നെ അസൽ പൊലീസ്. ഒരു വിശേഷണം പറയട്ടെ. 'അഭിനയിക്കാനറിയാത്ത" സംശുദ്ധനായ പൊലീസ് ഉദ്യോഗസ്ഥൻ. ഒരിക്കൽ തോന്നിയിട്ടുണ്ട്. ഭൂരിപക്ഷം കലാസ്വാദകർക്കും തോന്നൽ അതുതന്നെ. അതു നൽകിയതു കേന്ദ്രം. എക്കാലത്തെയും 'ആദർശ കുബേര"നായ അന്നത്തെ കേന്ദ്രമന്ത്രി. മലയാളി. കേരളത്തിന്റെ മഹാനടനായ മോഹൻലാലിനു കേണൽ പദവി ചാർത്തിക്കൊടുത്തു. മലയാളികൾ അഭിമാനിച്ചു. പ്രൗഢിയോടെ. ഒരു ഉദയം കാണുന്ന പോലെ. നമ്മുടെ ഈ മാന്യമഹാനടനും കൊടുക്കരുതോ ഒരു ഐ.പി.എസ്. സല്യൂട്ട് താനെ ഇങ്ങു പോരും. അതൊട്ടു ചെയ്യുന്നില്ല. വകുപ്പില്ലേ. കേന്ദ്രത്തിന്റെ ആളല്ലേ. സല്യൂട്ടിന് അർഹതയുണ്ട്. അദ്ദേഹം അതു പറയുന്നു. ആവശ്യപ്പെടുന്നു. ചെയ്യിക്കുന്നു. സൗമ്യനായി. അതേ തൂക്കത്തിൽ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.
ഒരു 'സല്യൂട്ട് ബാങ്ക്" ഉണ്ടാക്കിയാലെന്താ. സമർത്ഥനായ ഒരു പൊലീസ് ഉന്നതനോടു തിരക്കി. അദ്ദേഹം കേട്ടു. ഒരക്ഷരം മറുത്ത് ഉരിയാടിയില്ല. ഒരനുകൂല ചിരിയുണ്ടായി. ഞാൻ അങ്ങനെ കണ്ടു. വേണമെന്ന്. ഈ ബാങ്ക് സല്യൂട്ട് കാര്യങ്ങൾ നോക്കണം. അക്കൗണ്ട് സൂക്ഷിക്കണം. ഒരു വെബ് സൈറ്റ്. അതും വേണം. സല്യൂട്ടിന് ഫീസുവയ്ക്കണം. റാങ്കനുസരിച്ച് തുക കൂട്ടാം. സി.പി.ഒയുടെ സല്യൂട്ടിന് 100 രൂപ. ഏഡിന് 200. അങ്ങനെ തുക കേറി പോകും. ഐ.പി.എസുകാർ വരെ. സംവരണം വേണം. സമുദായ നേതാക്കൾക്കായി. പത്തു ശതമാനം വീതം. മുന്നാക്കത്തിനും പിന്നാക്കത്തിനും. ബാക്കി എൺപതു ശതമാനം എം.പിമാർക്കും എം.എൽ.എമാർക്കും രാഷ്ട്രീയ നേതാക്കൾക്കും. പൊക്കം കുറഞ്ഞവർക്ക് ഇരുന്ന് സല്യൂട്ട്. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി സല്യൂട്ട്. 100 രൂപ വീതം അധികം കൊടുക്കണം. സല്യൂട്ടടിയുടെ മുഖഭാവം അറിയണ്ടേ. മാസ്ക് മാറ്റണം. അത്തരം സല്യൂട്ടിന് 300 രൂപ കൂടുതൽ. ഒരല്പം റിസ്ക് ഉള്ള കാര്യമാണേ.
ഒരു കാലമുണ്ടായിരുന്നു. കൊതിപ്പിക്കുന്നത്. അഭിമാനിക്കേണ്ടത്. കേരള പൊലീസിന്. കൃത്യനിർവഹണം. തന്റേടം. വിനയം. ബുദ്ധി. അനുസരണ, വൃത്തി. കൃത്യനിഷ്ഠ. കാക്കിവേഷം. ഒക്കെ കുത്തകയായിരുന്നു. തിരുവനന്തപുരത്ത് കണ്ടില്ലേ. ഒന്നാം തരം ഒരു സ്റ്റുഡിയോ നഗരത്തിന്റെ ഹൃദയഭാഗത്ത്. ചുറ്റാകെ പ്രാർത്ഥനാലയങ്ങൾ. എല്ലാ ജാതിമതക്കാരുടെയും. ആ സ്റ്റേഡിയം ഒരു മുൻ ഐ.ജിയുടെ പേരിലാണ്. മുമ്പ്, ഏറ്റവും വലിയ പൊലീസ് പദവി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ്. അഥവാ ഐ.ജി. അതൊന്നു മതിയായിരുന്നു. നാടിനെ നിലയ്ക്കു നിറുത്താൻ. ജനം അവരെ സല്യൂട്ട് ചെയ്യട്ടെ.
എന്തു പറയാനാ. പണ്ട്. ആന്ധ്രയിലെ ഒരു പൊലീസ് ഇൻസ്പെക്ടർ. അയാൾക്കൊരു മകൻ. അവനൊത്ത ഒരു കൂട്ടുകാരനും. പ്രായം പന്ത്രണ്ടു പതിമ്മൂന്നു കഴിയില്ല. ഇൻസ്പെക്ടറുടെ വീട്ടിൽ ഒരു കുഴി വെട്ടി, സേഫ്ടി ടാങ്കിന്. കുഴിച്ചുചെന്നപ്പം ഒരു അസ്ഥികൂടം. മനുഷ്യന്റേതുതന്നെ. കൂട്ടുകാരൻ മകനോടു ചോദിച്ചു: 'ഇതെന്താടാ... അസ്ഥികൂടം. നിന്റെ വീടിന്റെ പിറകിൽ..." മകൻ പറഞ്ഞു. 'അച്ഛൻ ജോലിയിൽ പ്രവേശിച്ച ശേഷം ആദ്യം പിടിച്ച പ്രതിയാണത്." കൂട്ടുകാരൻ തിരക്കി: 'അപ്പോൾ കേസോ?"
മകൻ: 'കേസ്... ഇപ്പോഴും അന്വേഷണം തുടരുന്നു."
സത്യമേവ ജയതേ.